ജി.സി.സി രാജ്യങ്ങളിൽ ഇനിയുള്ള മാസങ്ങൾ സ്കൂൾ അവധിക്കാലമായതിനാൽ കുടുംബങ്ങൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. ഒരു നിയന്ത്രണവുമില്ലാത്ത രൂപത്തിൽ മൂന്നും നാലും ഇരട്ടിയാണ് വെക്കേഷൻ സമയത്തും വിശേഷ സമയങ്ങളിലും വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. പ്രവാസികളുടെ കഴുത്തറുക്കുന്ന പകൽകൊള്ളക്ക് ഇത്തവണയും മാറ്റമില്ല. സമ്പാദിക്കുന്നതെല്ലാം നാട്ടിലേക്ക് പോയിവരാനുള്ള ടിക്കറ്റിനു മാത്രമായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. ലക്ഷങ്ങൾ ടിക്കറ്റിനായി കണ്ടെത്തേണ്ടിവരുന്ന അവസ്ഥ. പ്രവാസികളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയാണ് വിമാന ക്കമ്പനികളും സർക്കാറും.
കുടുംബത്തിന് പോയിവരാനുള്ള ടിക്കറ്റെടുത്ത് നടുവൊടിയുന്ന പ്രവാസികൾ നിരവധിയുണ്ട്. പ്രവാസികൾക്കായി സംസാരിക്കാൻ ആരും മുന്നിട്ടുവരില്ലെന്ന നിസ്സഹായാവസ്ഥയിൽ അവർ മുന്നോട്ടുപോകുന്നു. നാട്ടിലാണ് ഇത്തരത്തിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റമെങ്കിൽ അതിനെതിരെ സമരരംഗത്തിറങ്ങാൻ രാഷ്ട്രീയ പാർട്ടികളുടെ മത്സരമായിരിക്കും.
പ്രവാസികൾക്ക് വോട്ടില്ലെങ്കിലും അവരും സാധാരണക്കാരാണെന്ന ബോധ്യം വളർന്നുവരേണ്ടതുണ്ട്. ടിക്കറ്റ് നിരക്കിന്റെ വിഷയത്തിൽ പ്രവാസികളെ കൊല്ലാക്കൊല ചെയ്യുന്ന ഈ ചൂഷണത്തിന് അറുതിവരേണ്ടതുണ്ട്. കാക്കത്തൊള്ളായിരം സംഘടനകൾ പ്രവാസലോകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവാസികളെ ഒന്നടങ്കം ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിയാത്മകമായ ചുവടുവെപ്പുകൾ നടന്നില്ലെങ്കിൽ എക്കാലത്തും ചൂഷണത്തിന് വിധേയരാകുന്ന ഒരു വിഭാഗമായി നാം നിലനിൽക്കും.
നാട്ടിലെ ഏതൊരാവശ്യങ്ങൾക്കും കൂടെനിൽക്കുന്നവരാണ് പ്രവാസികൾ. സർക്കാർ തലത്തിൽ ശക്തമായ സമ്മർദം ഈ വിഷയത്തിൽ നൽകേണ്ടതുണ്ട്. തോന്നിയ പോലെ വിമാന നിരക്ക് വർധിപ്പിക്കുന്നതിന് നിയന്ത്രണം ആവശ്യമാണ്.
പ്രവാസികളുടെ നിസ്സഹായാവസ്ഥകളെ ഇനിയും ചൂഷണം ചെയ്തുകൂടാ. ഈ ചൂഷണത്തിനെതിരെ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവരട്ടെ. പരിഹാരം ഉണ്ടായാൽ അത് പ്രവാസി സമൂഹത്തിനു വലിയൊരു സഹായമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.