കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യൻ തൊഴിലാളികൾ ഒന്നാം സ്ഥാനത്തു തുടരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ 2023ലെ കണക്കനുസരിച്ച് 535,083 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. മുൻ വർഷം ഇത് 497,087 ആയിരുന്നു. കഴിഞ്ഞ വർഷം കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 2.9 ദശലക്ഷത്തിലെത്തി. പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ട്. 1,678,958 പ്രവാസി തൊഴിലാളികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 1,593,49 തൊഴിലാളികളാണ് വർധിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ വിദേശ തൊഴിലാളികളുടെ സംഭാവന 78.7 ശതമാനമായും ഉയർന്നു. കുവൈത്ത് തൊഴിലാളികളും 2022 ഡിസംബറിലെ 442,647ൽ നിന്ന് 454,038 ആയി ഉയർന്നു.
ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ ഈജിപ്തുകാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഈജിപ്തിൽ നിന്നുള്ള 476,866 തൊഴിലാളികൾ കുവൈത്തിലുണ്ട്. മുൻ വർഷത്തേതിൽ നിന്ന് 6,000 ഈജിപ്ഷ്യൻ തൊഴിലാളികളുടെ കുറവുണ്ടായി. അതേസമയം, ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളിൽ വർധനയുണ്ടായി. നേപ്പാളി തൊഴിലാളികളുടെയും ഗണ്യമായ കുതിപ്പുണ്ടായി. 2022നെ അപേക്ഷിച്ച് 27 ശതമാനമാണ് വർധനവ്. 2023 അവസാനത്തോടെ നേപ്പാളി തൊഴിലാളികളുടെ എണ്ണം 62,930ൽ നിന്ന് 80,313 ആയി ഉയർന്നു. ഗാർഹിക മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നത്. 786,231 ഗാർഹിക തൊഴിലാളികൾ രാജ്യത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.