കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വർധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നൽകിയതായി എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ അറിയിച്ചു. രാജ്യത്തിന് ഈ വർഷം അനുവദിച്ച ക്വോട്ട 8,000 ആണ്.
ഓൺലൈൻ വഴി 40000ത്തോളം അപേക്ഷകൾ എത്തിയിരുന്നു. ഉംറയും ഹജ്ജും നിർവഹിക്കാൻ ബിദൂനികൾക്ക് അവസരം നൽകണം എന്ന അപേക്ഷയും സൗദി ഹജ്ജ് മന്ത്രാലയത്തിന് സമർപ്പിച്ചതായി സത്താം അൽ മുസൈൻ പറഞ്ഞു. സൗദി അധികൃതർ ഈ അഭ്യർഥന പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിൽനിന്നുള്ള തീർഥാടകരുടെ താമസസ്ഥലങ്ങളിൽ നിയോഗിക്കപ്പെട്ട പരിശോധന സംഘം ദൗത്യം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാരവനുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കുവൈത്തിൽ ഈ വർഷം സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും ഹജ്ജിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു. ജനുവരി 28 ആരംഭിച്ച രജിസ്ട്രേഷൻ ഫെബ്രുവരി 29ന് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.