കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ഫലപ്രദമായ ഇടപെടലുകളിലൂടെ ജനകീയനായ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്നു.
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് അദ്ദേഹം ജപ്പാനിലെ അംബാസഡറാകും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ആരാകും കുവൈത്തിലെ പുതിയ അംബാസഡർ എന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ ഇല്ല. മലയാളികൂടിയായ സിബി ജോർജിന്റെ മടക്കം കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണ്. കോവിഡ് പ്രതിസന്ധി കാലത്ത് ഉൾപ്പെടെ ജനോപകാരപ്രദമായ നിരവധി ഇടപെടലുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി നടത്തി.
ഇടനിലക്കാരില്ലാതെ സാധാരണക്കാർക്ക് നേരിട്ട് എംബസിയെ എന്താവശ്യത്തിനും സമീപിക്കാം എന്ന അവസ്ഥയുണ്ടാക്കിയതാണ് ഏറ്റവും വലിയ കാര്യം. കെട്ടിക്കിടന്നിരുന്ന വെൽഫെയർ ഫണ്ട് നിരാലംബരായ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയതും ഇന്ത്യ, കുവൈത്ത് ബന്ധം പുതിയ തലങ്ങളിലേക്ക് വളർത്താൻ അധികൃതരുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നതും എടുത്തുപറയേണ്ടതാണ്.
ആഴ്ചയിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിയിലൂടെ ഇന്ത്യൻ സമൂഹത്തിന് ആവലാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കി. നീറ്റ് പരീക്ഷക്ക് ഇന്ത്യക്കു പുറത്ത് ആദ്യമായി വേദിയൊരുക്കാൻ ഇടപെട്ടത് ഉൾപ്പെടെ സിബി ജോർജിന്റെ നെറുകയിൽ നേട്ടങ്ങളുടെ പൊൻതൂവൽ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.