കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി കുവൈത്തിലെ ഇന്ത്യക്കാർ. വിവിധ സംഘടനകൾക്കു കീഴിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ നടക്കും. മലയാളി സംഘടനകൾ ഇതിനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാണ്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലും കോവിഡ് മഹാമാരിയുടെ പിടിയിലായതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇത്തവണ കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ ആഘോഷങ്ങൾക്ക് പൊലിമ കൂടും.
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വൈവിധ്യമാർന്ന പരിപാടികളോടെയായിരിക്കും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.
കുവൈത്തിലെ എല്ലാ ഇന്ത്യക്കാരുടെയും താമസസ്ഥലത്തും വീടുകളിലും ദേശീയപതാക ഉയർത്താൻ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡികളിലും ആഘോഷം നടക്കും.
ഇന്ത്യൻ എംബസി അങ്കണത്തിൽ തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. എംബസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ആഘോഷച്ചടങ്ങുകൾ തത്സമയം കാണാം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെർച്വൽ ദേശീയഗാനാലാപനത്തിൽ പങ്കാളികളാകാൻ കുവൈത്തിലെ ഇന്ത്യക്കാരെയും സുഹൃത്തുക്കളെയും എംബസി ക്ഷണിച്ചു. വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ ഫോട്ടോ എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടാഗ് ചെയ്യാം. ദേശീയപതാക ആവശ്യമുള്ളവർക്ക് എംബസിയിൽ നിന്ന് ലഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.