കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി.
ഭിക്ഷാടനം നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെ അറസ്റ്റു ചെയ്തു. രാജ്യത്ത് ഭിക്ഷാടനം നിരോധിക്കുകയും റമദാനിൽ ഇതിനെതിരായ നടപടി കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഭിക്ഷാടനം നടത്തിയതിന് ഇതിനകം നിരവധി പേരാണ് അറസ്റ്റിലായത്. താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് ഫർവാനിയ ഗവർണറേറ്റിൽ നിന്ന് 19 പേരെ പിടികൂടി. മുബാറക് അൽ കബീർ ഏരിയയിൽ രണ്ട് വ്യാജ സേവക ഓഫിസുകൾക്കെതിരെ നടപടിയെടുത്തു. ഇവിടെ എട്ടു നിയമലംഘകരെ പാർപ്പിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
നിരവധി ആളുകൾ ചേർന്നു നടത്തുന്ന സബാഹ് അൽ സലീം ഏരിയയിലെ പ്രാദേശിക മദ്യ ഫാക്ടറി പരിശോധന സംഘം പിടിച്ചെടുത്തു. വീട്ടിൽ മദ്യം നിർമിക്കുന്നതായി സംശയമുണ്ടെന്ന് ഒരു പൗരൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടത്തിയത്. മദ്യ നിർമാണത്തിനുപയോഗിച്ച ബാരലുകളും ഉപകരണങ്ങളും വിൽപനക്ക് തയാറായ കുപ്പികളും ഇവിടെ നിന്ന് കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ, നാലുപേരെ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്മെന്റ് വിഭാഗം അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് ഒരു കിലോ കഞ്ചാവ്, കാൽ കിലോ ഹാഷിഷ്, 100 ഗ്രാം ഷാബു, 40 ഗ്രാം രാസവസ്തുക്കൾ, 20 ഗ്രാം ഹെറോയിൻ, 200 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.