കുവൈത്ത് സിറ്റി: വിദേശികളുടെ ചികിത്സ നിർദിഷ്ട ഇൻഷുറൻസ് ആശുപത്രിയിലേക്ക് മാറ്റിയാലും ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടവും നിരീക്ഷണവുമുണ്ടാവുമെന്ന് മന്ത്രി ഡോ. ജമാൽ അൽ ഹർബി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനുവേണ്ടി വിദേശികളുടെ ചികിത്സ പ്രത്യേക ഇൻഷുറൻസ് ആശുപത്രിയിലേക്ക് മാറ്റുമെങ്കിലും ഇക്കാര്യത്തിൽ സർക്കാർ പൂർണമായി കൈയൊഴിയുകയില്ല. ഫലപ്രദമായ ചികിത്സ വിദേശികൾ ഉൾപ്പെടെ രാജ്യനിവാസികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. വിദേശികൾക്കുവേണ്ടിയുള്ള ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി പദ്ധതി 2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഇൻഷുറൻസ് ആശുപത്രി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അതുവരെ 50 ദീനാർ തന്നെയായിരിക്കും ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ വിദേശികളിൽനിന്ന് ഈടാക്കുക. നിർദിഷ്ട ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമാവുന്നതോടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം 130 ദീനാറാക്കി വർധിപ്പിക്കും. തുടക്കത്തിൽ ജഹ്റ, അഹ്മദി എന്നിവിടങ്ങളിൽ 600 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രണ്ട് ആശുപത്രികളാണ് നിലവിൽ വരിക. പദ്ധതിയുടെ ഭാഗമായുള്ള മൂന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
ഇതിന് പുറമെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ചിലത് വാടകക്ക് എടുക്കാനും ആലോചനയുണ്ട്. നിർദിഷ്ട ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി പദ്ധതി യാഥാർഥ്യമാകുന്നതോടെ 18,00,000 വിദേശികൾക്ക് പ്രയോജനം ലഭിക്കും. അതോടൊപ്പം, സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയുകയും അതുവഴി സ്വദേശികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ കാരണമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.