കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ചികിത്സാ സൗകര്യം ലക്ഷ്യമാക്കിയുള്ള ആരോഗ്യ ഇൻഷുറൻസ് ആശുപത്രിയുടെ പ്രവർത്തനം ജനുവരിയിൽ ആരംഭിക്കും. തുടക്കത്തിൽ ഫർവാനിയയിലും ദജീജിലും രണ്ട് ഹെൽത് സെൻററുകളാണ് തുറക്കുക. അഹ്മദി ഗവർണറേറ്റിലെ ഇൻഷുറൻസ് ആശുപത്രിക്കുവേണ്ടിയുള്ള തറക്കല്ലിടൽ കർമത്തിന് ശേഷമുള്ള പ്രസ്താവനയിൽ ഇൻഷുറൻസ് ആശുപത്രി എക്സിക്യുട്ടിവ് മേധാവി ഡോ. സാലിഹ് അഹ്മദ് അൽ സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പ്രത്യേക ആശുപത്രികൾ ആരംഭിക്കുന്നതോടെ വിദേശികളിൽനിന്ന് ഈടാക്കുന്ന ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. ജി.സി.സി രാജ്യങ്ങളിലെ ഫീസ് ഘടനയുമായി നടത്തിയ താരതമ്യ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് തുക വർധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരുക.
അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക. ഇതിൽ അഹ്മദി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ഓരോ മൂന്നു മാസത്തിലും ഒരു ഹെൽത്ത് സെൻറർ എന്ന തോതിൽ വിവിധ ഭാഗങ്ങളിൽ തുടങ്ങാനാണ് പദ്ധതി. എല്ലാ പ്രാഥമിക ഹെൽത്ത് സെൻററുകളും ആശുപത്രികളും 2020 ഓടെ വിദേശികൾക്ക് തുറന്നുകൊടുക്കാനാകുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. 36,793 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് അഹ്മദി ഇൻഷുറൻസ് ആശുപത്രി.
നാലു നിലകളും ബെയ്സ്മെൻറുമുള്ള ആശുപത്രിയിൽ 300 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികംവരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രയോജകരായി മാറും. ഇതോടെ, സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതായേക്കുമെന്നാണ് പ്രതീക്ഷ.
സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിച്ചതോടെ തിരക്കിന് കുറവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.