കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന വിദേശി ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. ഇതുവഴി സ്വകാര്യ മേഖലയിലെ വിദേശികളുടെ ചികിത്സാ നടപടികൾ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു. ഇൻഷുറൻസ് കമ്പനിയുമായി കരാർ ഒപ്പിടുന്നത് വരെ ഇവർക്കു സർക്കാർ ആശുപത്രികളിൽ പുതുക്കിയ നിരക്കിൽ ചികിത്സ ലഭിക്കും.
ഞായറാഴ്ചയാണ് സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാനിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. മന്ത്രാലയങ്ങളിൽ ജോലിചെയ്യുന്ന വിദേശികൾ, ഗാർഹിക തൊഴിലാളികൾ, സ്വദേശി വിവാഹം ചെയ്ത വിദേശ വനിതകൾ എന്നിവർക്ക് തുടർന്നും സർക്കാർ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും. പുതിയ ഇൻഷുറൻസ് കരാർ ഒപ്പിടുന്നത് സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
വാഹനാപകടം പോലുള്ള സാഹചര്യങ്ങളിൽ പരുക്കേറ്റ് ആശുപത്രികളിൽ എത്തുന്നവർക്ക് ചികിത്സാഫീസ് അടച്ചാൽ മാത്രമേ ചികിത്സ നൽകൂ എന്നില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരം ഘട്ടങ്ങളിൽ യുക്തമായ നടപടി സ്വീകരിക്കാൻ ആശുപത്രി ഡയറക്ടമാർക്കും വകുപ്പ് മേധാവികൾക്കും അധികാരമുണ്ടായിരിക്കും. മനുഷ്യെൻറ ജീവനാണ് പ്രധാനം. വകുപ്പ് മേധാവികളുടെ നിർദേശം പരിഗണിച്ച് ആദ്യം ചികിത്സ ആരംഭിക്കും. നിലവിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതിനു വിദേശികൾ പ്രതിവർഷം 50 ദീനാർ ഇൻഷുറൻസ് ഫീസ് അടക്കുന്നുണ്ട്.പുതിയ ഇൻഷുറൻസ് ഫീസ് എത്രയായിരിക്കുമെന്നതു സംബന്ധിച്ച് സൂചനകളൊന്നുമില്ല. അതേസമയം, തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണു പൊതുവെയുള്ള നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.