കുവൈത്ത് സിറ്റി: ഭീകരതക്കെതിരായ രാജ്യാന്തര സമ്മേളനത്തിന് കുവൈത്ത് വേദിയാകുന്നു. ഭീകര പ്രസ്ഥാനങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നാളെയാണ് അന്താരാഷ്ട്ര സഖ്യം യോഗം ചേരുന്നത്. ഭീകരവാദത്തെ ചെറുക്കാനുള്ള കുവൈത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സമ്മേളനം ചേരുന്നതെന്ന് അന്താരാഷ്ട്ര സഹകരണത്തിനും വികസനത്തിനുമുള്ള വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മഷാൻ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
മേയ് 11ന് മൊറോക്കോയിൽ നടന്ന ഐ.എസ് വിരുദ്ധ സഖ്യത്തിന്റെ മന്ത്രിതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അസ്സബാഹ് പങ്കെടുത്തിരുന്നതായും അതിന്റെ തുടർച്ചയായാണ് കുവൈത്തിൽ യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരസംഘടനകളിൽ പ്രവർത്തിക്കുന്നവരെ ന്യായമായ വിചാരണക്ക് ശേഷം ശരിയായ പാതയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാനും സമൂഹത്തിന്റെ ഭാഗമാക്കാനുമുള്ള പുതിയ വഴികൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും ഇതിനായി രാജ്യങ്ങൾ തമ്മിൽ സഹകരണവും ധാരണയും ആവശ്യമാണെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.