കുവൈത്ത് സിറ്റി: കുവൈത്തിൽ 70 വയസ്സായവരുടെ ഇഖാമ പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി. ബിരുദ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും 70 വയസ്സിനു മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകേണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികൃതർ നിർദേശം നൽകിയതായാണ് വിവരം. 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നുമുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നില്ല.
സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഉത്തരവിറങ്ങിയതിനു ശേഷം പരമാവധി ഒരു വർഷം വരെയാണ് ഇത്തരക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നത്. ഇൗ കാലപരിപരിധി കഴിഞ്ഞാൽ ഇവർ നാട്ടിലേക്കു മടങ്ങേണ്ടിവരും.
60 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്ക് ബിരുദ വിദ്യാഭ്യാസമുണ്ടെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാം. 65ന് മുകളിലുള്ളവർ അപൂർവ സ്പെഷലൈസേഷൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെങ്കിൽ പുതുക്കി നൽകും. മെഡിക്കൽ പ്രഫഷൻ, കൺസൽട്ടൻറ് തുടങ്ങി രാജ്യത്തിന് ആവശ്യമായ ഉന്നതയോഗ്യതയുള്ളവർക്കാണ് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേകാനുമതിയോടെ വർക്ക് പെർമിറ്റ് പുതുക്കിനൽകുക.
എന്നാൽ, 70 വയസ്സിനു മുകളിലുള്ളവർക്ക് ഒരുനിലക്കും പുതുക്കിനൽകേണ്ടെന്നാണ് തീരുമാനം.
പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആകുമ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവരും.
നിരവധി പേർ ഇതിനകം വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയാതെ നാട്ടിലേക്കു മടങ്ങി. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രായപരിധി കൊണ്ടുവന്നത്.
മക്കൾക്ക് കുടുംബ വിസ എടുക്കാനുള്ള നിയമപരമായ യോഗ്യതയുണ്ടെങ്കിൽ 60 വയസ്സ് കഴിഞ്ഞവർക്ക് അവരുടെ കീഴിൽ കുടുംബ വിസയിലേക്ക് മാറാൻ കഴിയും. തൊഴിലെടുക്കരുതെന്ന നിബന്ധനയോടെയാണ് കുടുംബവിസയിലേക്ക് മാറാൻ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.