കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി അറേബ്യക്കുമല്ലാതെ ദുർറ എണ്ണപ്പാടം മേഖലയില്‍ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്. ദുർറ എണ്ണപ്പാടത്തിനുമേല് നേരത്തേ ഇറാന് അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെ, ഖോർ അബ്ദുല്ല ജലപാതയിൽ നാവിഗേഷൻ നിയന്ത്രിക്കുന്നതിനുള്ള കരാർ കുവൈത്ത് പരിഗണിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. 78ാമത് യു.എൻ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കുവൈത്ത്-സൗദി സംയുക്ത സംരംഭമാണ് ദുർറ എണ്ണപ്പാടം. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് കുവൈത്ത്. എന്നാല്‍, ഖോർ അബ്ദുല്ലയിലെ സമുദ്ര നാവിഗേഷൻ കരാർ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഇറാഖിലെ ഫെഡറൽ സുപ്രീംകോടതിയുടെ വിധി അമ്പരപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2012ൽ കുവൈത്തും ഇറാഖും ഒപ്പുവെച്ച കരാര്‍ പാലിക്കാന്‍ ഇറാഖ് തയാറാകണം. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമവ്യവസ്ഥകൾക്കും അനുസൃതമായി അവകാശങ്ങൾ സംരക്ഷിക്കാന്‍ കുവൈത്തിന് പൂര്‍ണ അവകാശമുണ്ട്. സുപ്രീംകോടതി വിധിയുടെ വീഴ്ചകൾ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇറാഖ് സര്‍ക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീന് വിഷയവും ഐക്യരാഷ്ട്രസഭയില്‍ കുവൈത്ത് ഉന്നയിച്ചു. 75 വർഷമായി ഫലസ്തീന് ജനത ദുരിതമനുഭവിക്കുകയാണ്. ഫലസ്തീന് ജനതക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കുവൈത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫലസ്തീന് ജനതക്കു നേരെയുള്ള ആക്രമണങ്ങളും കടന്നുകയറ്റവും തടയാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ആവശ്യപ്പെട്ടു.
കുവൈത്ത്, സൗദി, ഇറാൻ സമുദ്രാതിർത്തികളിലായാണ് ദുർറ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്റെ ഒരുഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരു ഭാഗം ഇതുവരെ അതിർത്തി നിർണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്ര ഭാഗങ്ങളിലുമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി ഇറാനുമായി ചർച്ചക്ക് തയാറാണെന്ന് കുവൈത്തും സൗദി അറേബ്യയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.