കുവൈത്ത് സിറ്റി: നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ലബനാനിലെ ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും ഗുരുതര ഭീഷണിയാണെന്നും കാബിനറ്റ് ചൂണ്ടിക്കാട്ടി.
ലബനാനോട് കുവൈത്ത് പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതായും ലബനാന്റെ പരമാധികാരത്തെയും സുസ്ഥിരതയെയും തുരങ്കം വെക്കുന്ന എല്ലാ നടപടികളും നിരസിക്കുന്നതായും ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി യോഗത്തിന് ശേഷം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ അധിനിവേശം മൂലം മേഖലയിൽ വർധിച്ചുവരുന്ന അപകടത്തിന്റെ അനന്തര ഫലങ്ങൾക്കെതിരെ മന്ത്രിസഭ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഫലസ്തീൻ ജനതക്കുനേരെ ആക്രമണം തുടരുന്നതും ചൂണ്ടിക്കാട്ടി. നിരപരാധികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര ആവശ്യങ്ങൾ ഇസ്രായേൽ മുഖവിലക്കെടുക്കാത്തതും സൂചിപ്പിച്ചു.
യു.എൻ ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് നടത്തിയ പ്രഭാഷണത്തെ മന്ത്രിസഭ പ്രശംസിച്ചു. ദേശീയ ദിനത്തിന്റെ 94ാം വാർഷികത്തിൽ സൗദി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും മന്ത്രിസഭ അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.