കുവൈത്ത് സിറ്റി: ജഹ്റ നാച്വറൽ റിസർവിൽ വാരാന്ത ദിവസങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനും സൗജന്യ പ്രവേശനം അനുവദിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി ശൈഖ അൽ ഇബ്റാഹിം അറിയിച്ചതാണിത്.
വന്യജീവിതവും പക്ഷിവർഗങ്ങളെയും സസ്യവിഭാഗങ്ങളെയും പ്രകൃതിയെയും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾക്ക് വാരാന്ത്യത്തിൽ പ്രവേശനം സൗജന്യമാക്കിയത്.
മരം വെച്ചുപിടിപ്പിക്കൽ പോലെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കും. വെള്ളി, ശനി ദിവസങ്ങൾ ഒഴികെ പത്തുവയസ്സിന് മുകളിലുള്ളവർക്ക് രണ്ടു ദീനാറും പത്തുവയസ്സിൽ താഴെയുള്ളവർക്ക് ഒരു ദീനാറും ആണ് ടിക്കറ്റ് നിരക്ക്.
രാജ്യത്തെ പ്രകൃതിസംരക്ഷണ മേഖലകളെയും ഇക്കോ പാർക്കുകളെയും വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി.
ഇതിന്റെ ഭാഗമായാണ് നാച്വറൽ റിസർവുകളിലേക്ക് കഴിഞ്ഞമാസം മുതൽ പൊതുജന പ്രവേശനം അനുവദിച്ചത്. സന്ദർശിക്കാൻ താൽപര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻമെന്റ് എടുക്കേണ്ടതുണ്ട്. ജീവികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും നാച്വറൽ റിസർവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അധികൃതരുടെ നിരീക്ഷണമുണ്ടാകും. കൂടുതൽ ആളുകൾക്ക് ഒരേസമയം അപ്പോയിൻമെന്റ് നൽകില്ല.
1987ലാണ് ജഹ്റ നാച്വറൽ റിസർവ് സ്ഥാപിച്ചത്. 18 കിലോമീറ്ററിൽ രണ്ടു ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന റിസർവ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിന്റെ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കുവൈത്തിന്റെ വടക്കൻ കടലോരത്തോടുചേർന്ന് ജഹ്റയിൽ 19 കി.മീറ്റർ ചുറ്റളവിലാണ് ശുദ്ധജലം കൊണ്ട് വൻ കായൽ തീർത്തത്. ചുറ്റും കണ്ടൽ കാടുകളും ചെറിയ ഇനം ചെടികളും വെച്ചുപിടിപ്പിച്ചു.
ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.