സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ല; 3000 പേര്‍ക്ക് ജോലി നഷ്ടമാവും

കുവൈത്ത് സിറ്റി: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ളെന്നാരോപിച്ച് 3000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്സിറ്റികളിലും ജോലി ചെയ്യുന്നവരാണ് ലിസ്റ്റിലുള്ളത്. 
അംഗീകാരമില്ലാത്ത യൂനിവേഴ്സിറ്റിയില്‍നിന്നാണ് ഇവരുടെ ബിരുദാനന്തര ബിരുദം എന്നു കണ്ടത്തെിയാണ് നടപടി. നാഷനല്‍ ബ്യൂറോ ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി ഓഫ് എജുക്കേഷന്‍േറതാണ് തീരുമാനം. അതിനിടെ, അധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വിഭാഗം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 
അസിസ്റ്റന്‍റ് കിന്‍റര്‍ഗാര്‍ട്ടന്‍ ഡയറക്ടര്‍, പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പല്‍, കെമിസ്ട്രി ഇന്‍സ്ട്രക്ടര്‍, ബയോളജി ആന്‍ഡ് മ്യൂസിക് എന്നിവ ഉള്‍പ്പെടുന്നതാണ് സംവിധാനം. അടുത്ത അധ്യയന വര്‍ഷം അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് ജോര്‍ഡനില്‍നിന്നും ഈജിപ്തില്‍നിന്നും പുരുഷ, വനിതാ അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹൈതം അല്‍ അതാരി പറഞ്ഞു. ഈ രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളില്‍ അധ്യാപകരെ തേടി പരസ്യം ചെയ്യുന്നതിന് എംബസിയുമായി ബന്ധപ്പെട്ട് സംവിധാനമുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 എംബസി വഴി അപേക്ഷ സ്വീകരിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി നേരിട്ട് ഇന്‍റര്‍വ്യൂ നടത്തിയാണ് അധ്യാപകരെ നിയമിക്കുക. ഈജിപ്ഷ്യന്‍, ജോര്‍ഡനിയന്‍ സ്വദേശികളായ ഒരുവിഭാഗം അധ്യാപകര്‍ കൂട്ടരാജിക്കൊരുങ്ങുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഇതേരാജ്യങ്ങളില്‍ അധ്യാപകരെ തേടി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പരസ്യം നല്‍കാനൊരുങ്ങുന്നത്. 
ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലെ അസംതൃപ്തി കാരണമാണ് നൂറുകണക്കിന് അധ്യാപകര്‍ മാര്‍ച്ചില്‍ രാജിവെക്കാനൊരുങ്ങുന്നത്. ജീവിതച്ചെലവ് ഉയര്‍ന്നതിനൊപ്പം താമസ അലവന്‍സ് വെട്ടിക്കുറക്കാനുള്ള തീരുമാനമാണ് ഈജിപ്തുകാരായ അധ്യാപകരെ രാജിക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍, ശമ്പളം അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജോര്‍ഡനിയന്‍ അധ്യാപകരുടെ പ്രതിഷേധം. ശാസ്ത്ര വിഷയങ്ങളിലാണ് കൂടുതല്‍ അധ്യാപകക്ഷാമം നേരിടുന്നത്. പുതിയ അധ്യാപകരെ നിയമിക്കുമ്പോള്‍ ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികളായ ബിദൂനികള്‍ക്കും മുന്‍ഗണനയുണ്ടാവുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 

Tags:    
News Summary - job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.