കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) 13ാം വാർഷികാഘോഷം മാർച്ച് മൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് നാലിന് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും. വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കുള്ള ചികിത്സാസഹായ സമാഹരണമാണ് പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഗുരുതര രോഗത്താൽ കഷ്ടപ്പെടുന്നവരെ സംഘടന സഹായിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണക്കിറ്റുകളും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാനും കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കി. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ അംഗങ്ങൾക്ക് സാമ്പത്തികസഹായം നൽകി.
‘കോഴിക്കോട് ഫെസ്റ്റ് 2023ന്റെ’പ്രധാന ആകർഷണം പിന്നണി ഗായിക ജ്യോത്സ്ന നയിക്കുന്ന സംഗീതവിരുന്നാണ്. ഗായകരായ സിയ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരും സംഗീത സായാഹ്നത്തിൽ പങ്കെടുക്കും. കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തും. റിജിൻരാജ് (പ്രസി), ഫൈസൽ കെ (ജന. സെക്ര), പി.വി. വിനീഷ് (ട്രഷ), കെ. ഷൈജിത്ത് (ജന. കൺ- മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023), ജുനൈസ് കൊയിമ (ഓപറേഷൻ മാനേജർ, മെഡെക്സ് മെഡിക്കൽ കെയർ, കുവൈത്ത്), ആനീച ഷൈജിത്ത് (പ്രസിഡന്റ്, മഹിളാവേദി), പ്രശാന്ത് കൊയിലാണ്ടി (മീഡിയ സെക്രട്ടറി) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.