കുവൈത്ത് സിറ്റി: പ്രകാശം പരത്തി അരനൂറ്റാണ്ടെന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഒരുവർഷമായി സംഘടിപ്പിച്ചുവന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന പൊതുസമ്മേളനം ഈമാസം 17ന് നടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിലെ പൊതുസമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.
വൈകീട്ട് 5.30ന് സമ്മേളനം കുവൈത്ത് ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്യും. കേരള മുൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പങ്കെടുക്കും.
കെ.ഐ.ജി മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, കെ.എ. സുബൈർ എന്നിവരും കുവൈത്തിലെ സാമൂഹിക സാംസ്കാരിക സംഘടന രംഗത്ത് പ്രവർത്തിക്കുന്നവരും സമ്മേളനത്തിന്റെ ഭാഗമാകും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും.
കെ.ഐ.ജിയുടെ അമ്പത് വർഷത്തെ അടയാളപ്പെടുത്തുന്ന ‘കെ.ഐ.ജി-നാൾവഴികൾ നാഴികക്കല്ലുകൾ’ സുവനീർ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. 40 വർഷം പിന്നിട്ട കെ.ഐ.ജി പ്രവർത്തകരെ സമ്മേളനത്തിൽ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു.
ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനസമ്മേളനം കഴിഞ്ഞവർഷം ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചതോടെയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്.
വയനാട് വെച്ച് പ്രവാസി സംഗമം, ‘ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിൻ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സേവന പദ്ധതികൾ തുടങ്ങി വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾ നടപ്പാക്കി.
വാർത്തസമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സമ്മേളന കൺവീനർ കെ. അബ്ദു റഹ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.