കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സമീപകാലത്ത് മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. പത്ത് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഒന്നാംഘട്ട സഹായമായി ഏഴു ലക്ഷം രൂപ വീതവും നേരേത്ത മരിച്ച 16 കുടുംബങ്ങൾക്ക് 18 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. കെ.കെ.എം.എ അംഗമായിരിക്കെ മരിച്ച 122 പേരുടെ കുടുംബങ്ങൾക്കായി ഏഴര കോടിയോളം രൂപ സംഘടനയുടെ കുടുംബ സഹായ നിധിയിൽനിന്ന് ഇതിനകം നൽകിയിട്ടുണ്ട്. മരണപ്പെടുന്നവരുടെ മക്കളുടെ 12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവും സംഘടന വഹിക്കുന്നു.
കോഴിക്കോട് കിങ് ഫോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സഹായ വിതരണ ചടങ്ങിൽ കോഴിക്കോട് വലിയ ഖാദി മുഹമ്മദ് ജമലുല്ലൈലി തങ്ങൾ കുടുംബക്ഷേമ നിധി വിതരണം ഉദ്ഘാടനം ചെയ്തു. പ്രവാചകൻ പറഞ്ഞതിൽ ഏറ്റവും മഹത്തായ അനാഥ-അഗതി സംരക്ഷണമെന്ന കടമയാണ് കെ.കെ.എം.എ നിർവഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
കെ.കെ.എം.എ മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, പി.കെ. മാനു മുസ്ലിയാർ, മഹ്മൂൻ ഹുദവി, അപ്സര മഹ്മൂദ് എന്നിവർ മറ്റു കുടുംബങ്ങൾക്കുള്ള കുടുംബക്ഷേമ നിധി വിതരണവും നിർവഹിച്ചു. കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഇ.കെ. അബ്ദുല്ല, കെ.കെ. സുബൈർ ഹാജി, കെ.സി. ഗഫൂർ, സംസം റഷീദ് എന്നിവർ നേതൃത്വം നൽകി. വർക്കിങ് പ്രസിഡൻറ് എ.പി. അബ്ദുൽ സലാം സ്വാഗതവും യു.എ. ബക്കർ നന്ദിയും പറഞ്ഞു. പൊതു സമൂഹത്തിനായി 13 സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി, സ്കോളർഷിപ്, പാർപ്പിട പദ്ധതി, ചികിത്സാ സഹായ പദ്ധതികൾ എന്നിവയും കെ.കെ.എം.എ നടത്തിവരുന്നതായി ഇബ്രാഹിം കുന്നിൽ വിശദീകരിച്ചു. കുവൈത്തിൽ 17,000ത്തിലധികം പ്രവാസികളുടെ രാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ്മയാണ് കെ.കെ.എം.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.