കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ച് ഗസ്സയിൽ ദുരിതാശ്വാസ സഹായവിതരണ വാഹന സർവിസ് ആരംഭിച്ചു. ഈ വാഹനത്തിൽ വിതരണം ചെയ്യുന്നതിനായി ഈജിപ്തിലെ അൽ അരിഷിൽ എത്തിയ വസ്തുക്കൾ ഗസ്സയിൽ എത്തിക്കുമെന്ന് കെ.ആർ.സി.എസ് വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവി പറഞ്ഞു. ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിൽ തുടർച്ചയായ സഹകരണത്തിനും ഏകോപനത്തിനും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന് അൽ ഹസാവി അഭിനന്ദനം അറിയിച്ചു.
ഗസ്സയിലേക്ക് കുവൈത്ത് അയച്ച സഹായവസ്തുക്കൾ വേഗത്തിൽ ഫലസ്തീനികൾക്ക് എത്തിക്കാനും ദുരിതം ലഘൂകരിക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. 35 ട്രക്കുകൾ ഉൾപ്പെടുന്നതാണ് വാഹന സർവിസ്. ഫലസ്തീൻ റെഡ് ക്രസന്റിന്റെ ആവശ്യങ്ങൾ നിറവേറ്റാനും ഇവ സഹായകരമാകും.
ഇസ്രായേൽ ആക്രമണത്തിന് തൊട്ടുപിന്നാലെ ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റി ഇടപെടൽ ആരംഭിച്ചതായി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. റാമി അൽ നാസർ പറഞ്ഞു.
ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റി ഉടനടി ലോകമെമ്പാടുമുള്ള നാഷനൽ റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികളും തമ്മിൽ ഫലസ്തീൻ റെഡ് ക്രസന്റിൽനിന്ന് ലഭിച്ച ആവശ്യങ്ങൾക്കനുസരിച്ച് സഹായ ഏകോപനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.