കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) 60 ടൺ അവശ്യ ഭക്ഷ്യവസ്തുക്കൾ അയച്ചു.
ഡയറക്ട് എയ്ഡ് സൊസൈറ്റിയുടെ സംയുക്ത ധനസഹായത്തോടെയും സഹകരണത്തോടെയും ഫലസ്തീനിലെ റഹ്മ വേൾഡ് വൈഡ് ഓർഗനൈസേഷന്റെ ഓഫിസുകൾ വഴിയാണ് സഹായം വിതരണം ചെയ്യുക.
മേഖലയിലെ കുറഞ്ഞത് 30,000 കുടുംബങ്ങളെയെങ്കിലും ഈ സാധനങ്ങൾ സഹായിക്കുമെന്ന് കെ.എസ്.ആർ ഡെപ്യൂട്ടി ജനറൽ ഡയറക്ടറും ടീം ലീഡറുമായ ഒമർ അൽ തുവൈനി പറഞ്ഞു. കഴിഞ്ഞ 10 മാസമായി ഈ പ്രദേശത്ത് കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഉപരോധവും ഭക്ഷ്യ വിതരണത്തിന്റെ അഭാവവും കാരണം വടക്കൻ ഗസ്സ പട്ടിണിയിലാണെന്ന് റഹ്മ വേൾഡ് വൈഡിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ഷാദി സാസ പറഞ്ഞു. ദുരിതബാധിതർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകുന്നത് തുടരുമെന്നും വ്യക്തമാക്കി. കൂടുതൽ ഭക്ഷണ വിതരണം ലക്ഷ്യമിട്ട് കെ.എസ്.ആർ ധനസമാഹരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.