കുവൈത്ത് സിറ്റി: കുവൈത്തും യു.എ.ഇയും ട്രാഫിക് സുരക്ഷാസേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിന്റെ ആദ്യ പടിയായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം അധികൃതരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുവൈത്ത്-യു.എ.ഇ നെറ്റ്വർക്കിങ് സംവിധാനം വികസിപ്പിക്കൽ, സുരക്ഷാസേവനങ്ങളെ ബന്ധിപ്പിക്കൽ, നാടുകടത്തപ്പെട്ടവരുടെ വിരലടയാളം കൈമാറൽ എന്നിവയെല്ലാം ചർച്ചയുടെ ഭാഗമായി.
ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതും, കുവൈത്തും യു.എ.ഇയും തമ്മിലുള്ള ഡേറ്റ കൈമാറ്റത്തിനായി ഉഭയകക്ഷി ഇലക്ട്രോണിക് കണക്ടിവിറ്റി സംവിധാനം വികസിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയും യോഗം ചർച്ചചെയ്തതായി അൽറായ് പത്രം റിപ്പോർട്ട് ചെയ്തു.
ജി.സി.സി രാജ്യങ്ങളിലെ ട്രാഫിക്, സുരക്ഷാസംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
മന്ത്രിമാരുടെ കൗൺസിലുകളുടെയും കമ്മിറ്റികളുടെയും തുടർനടപടി എന്ന നിലയിലാണ് യോഗം ചേർന്നത്. യു.എ.ഇ സുരക്ഷാപ്രതിനിധി ഉദ്യോഗസ്ഥർ അടക്കം മനുഷ്യവിഭവശേഷി, വിവര-സാങ്കേതികവിദ്യ, ട്രാഫിക്, ക്രിമിനൽ സുരക്ഷ, ജനറൽ ഡിപ്പാർട്മെന്റുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഗതാഗതനിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഏകോപനം നടന്നുവരുകയാണ്. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനം വൈകാതെ നിലവിൽവരും. ഇതിന്റെ ആദ്യ ഘട്ടമായി കുവൈത്തും ഖത്തറും കഴിഞ്ഞ മാസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളിലും നടക്കുന്ന ഗതാഗത നിയമലംഘനവിവരങ്ങൾ പരസ്പരം പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.