കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് മത്സ്യങ്ങളുടെ കയറ്റുമതിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. കുവൈത്ത് സമുദ്രപരിധിയിൽനിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയുടെ വാണിജ്യാവശ്യത്തിനുള്ള കയറ്റുമതി വിലക്കി കാർഷിക, മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റി ഉത്തരവിറക്കി. ഫ്രഷ്, ഫ്രോസൺ, ചില്ലഡ് മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് വിലക്ക് ബാധകമാണ്.
പ്രത്യേക അനുമതിയോടെ വ്യക്തിഗത ആവശ്യത്തിന് പരമാവധി 20 കിലോ വരെ കയറ്റിയയക്കാം. ശാസ്ത്ര, ജീവശാസ്ത്ര പഠനം, മ്യൂസിയം പ്രദർശനം, കൊമേഴ്സ്യൽ സാമ്പിൾ എന്നിവക്ക് കാർഷിക മത്സ്യ വിഭവ പബ്ലിക്ക് അതോറിറ്റിയുടെ അനുമതിയുണ്ടെങ്കിൽ കുവൈത്തിൽനിന്ന് മത്സ്യം കൊണ്ടുപോകാം. അതേസമയം, കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ 50 ശതമാനം കയറ്റിയയക്കാൻ അനുമതിയുണ്ട്. ഉപഭോക്തൃ താൽപര്യം പരിഗണിച്ചും തദ്ദേശീയ വിപണിക്ക് കരുത്തുപകരാനുമാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. പ്രത്യുൽപാദന തോതിനേക്കാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടായതായി കാർഷിക മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കുന്നു. കുവൈത്ത് സമുദ്ര പരിധിയിൽ വംശനാശ ഭീഷണി നേരിടുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി പ്രതിവർഷം വർധന സംഭവിക്കുന്നത്.
എന്നാൽ, 30 ശതമാനമാണ് ഓരോ വർഷവും പിടിക്കുന്നത്. ഇത് ചില മത്സ്യങ്ങളുടെ വംശനാശത്തിനുതന്നെ കാരണമാവുമെന്നാണ് മുന്നറിയിപ്പ്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടയിനങ്ങളായ ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ് പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് മത്സ്യവേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.