കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദിനെയും പ്രതിനിധിസംഘത്തെയും വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഭീകരതക്കെതിരായ പോരാട്ടം, ഇക്കാര്യത്തിൽ പൊതുവായ ഏകോപനം, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങൾ, സംയുക്ത ഏകോപനം എന്നിവയും ചർച്ചയായി.
കനേഡിയൻ സായുധ സേനക്ക് രാജ്യത്ത് സൗകര്യം നൽകുന്നതിന് അനിത ആനന്ദ് കുവൈത്തിന് കനേഡിയയുടെ നന്ദിയും അഭിനന്ദനവും അറിയിച്ചു. കനേഡിയൻ പൗരന്മാരെയും മറ്റുള്ളവരെയും അഫ്ഗാനിസ്താനിൽനിന്ന് ഒഴിപ്പിക്കുന്നതിനും, മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്കും പിന്തുണക്കും അവർ നന്ദി പറഞ്ഞു.
കുവൈത്തിന്റെ വിവേകം, സന്തുലിത വിദേശനയം, മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾ എന്നിവയെ പ്രകീർത്തിച്ച കനേഡിയൻ പ്രതിരോധ മന്ത്രി ഇരു സൗഹൃദ രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ശക്തമായ സഹകരണം തുടരണമെന്ന ആഗ്രഹവും വ്യക്തമാക്കി.
കുവൈത്തും കാനഡയും തമ്മിലുള്ള എല്ലാ തലങ്ങളിലുമുള്ള സഹകരണവും, പുരോഗതിയും, അടുത്ത പങ്കാളിത്തവും ശൈഖ് സലീം ഉണർത്തി. കുവൈത്തിന്റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനുള്ള ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശമാണ് ഇത് പ്രതിനിധാനംചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷക്കായുള്ള സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തന്റെ പൂർണ പിന്തുണയും കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.