കുവൈത്ത് സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയുടെ 8,000 ഹെക്ടർ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ കുവൈത്ത് അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും പ്രസക്തമായ യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ ഫലസ്തീൻ ഭൂമി തുടർച്ചയായി പിടിച്ചെടുക്കുന്നതും ഫലസ്തീൻ ജനതയുടെ അവകാശങ്ങളും സ്വത്തുക്കളും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. മിഡിലീസ്റ്റിൽ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇസ്രായേലിന്റെ ഇത്തരം നടപടികൾ അട്ടിമറിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേലിന്റെ തുടർച്ചയായ ലംഘനങ്ങൾക്കെതിരെ യു.എൻ രക്ഷാ കൗൺസിൽ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാനും നിയമവിരുദ്ധമായ കുടിയേറ്റവും ആക്രമണവും തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതിക്കും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനുമെതിരെ അന്താരാഷ്ട്ര എതിർപ്പുകൾ ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.