കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് റിലീഫ് എയർ ബ്രിഡ്ജിനുള്ളിലെ 33ാമത്തെ വിമാനം തിങ്കളാഴ്ച ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. 10 ടൺ അടിയന്തര ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടത്. ശൈത്യകാലം കണക്കിലെടുത്ത് ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാൻ പുതപ്പുകൾ, ടെന്റുകൾ, ഈത്തപ്പഴം, ശീതകാല വസ്ത്രങ്ങൾ എന്നിവയും മറ്റും ഉൾപ്പെടുന്നതാണ് സഹായം.
സഹായം റഫ ക്രോസിങ്ങിലൂടെ ഗസ്സയിൽ എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റുകളുമായും ഏകോപനം നടത്തിയിട്ടുണ്ടെന്നും ബുധൻ, ഞായർ ദിവസങ്ങളിൽ തുടർ ദുരിതാശ്വാസ വിമാനം പുറപ്പെടുമെന്നും അൽ സലാം ചാരിറ്റി ചെയർമാനും ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. നബീൽ എ ഔൻ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അസോസിയേഷനുകളുടെ സഹകരണത്തോടെ 250 ടണ്ണിലധികം സഹായ വസ്തുക്കൾ തയാറാക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാൻ കുവൈത്ത് തിങ്കളാഴ്ച അടിയന്തര മാനുഷിക സഹായ സംഘത്തെ അയച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) ഡെപ്യൂട്ടി ഡയറക്ടർ ഒമർ അൽ തുവൈനി പറഞ്ഞു. മെഡിക്കൽ സാമഗ്രികളും ഭക്ഷണവും ഉൾപ്പെടെ 77 ട്രക്ക് സഹായമാണ് എത്തിച്ചത്. 1,000 ടൺ ഭക്ഷണപാക്കറ്റ്, മൈദ, മിനറൽ വാട്ടർ ബോട്ടിലുകൾ, മെഡിക്കൽ സപ്ലൈസ് എന്നിവ കുവൈത്തിൽ നിന്നുള്ള സഹായത്തിൽ അടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ഈജിപ്തിലെ ദാർ അൽ ഓർമാൻ ചാരിറ്റിയുമായി കെ.എസ്.ആർ നടത്തിയ കരാറിന്റെ ഭാഗമായാണ് വാഹനവ്യൂഹം.
ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ അധിനിവേശ ആക്രമണത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഫലസ്തീനികളെ സഹായിക്കാനുള്ള കെ.എസ്.ആർ പ്രചാരണം ആരംഭിച്ചിരുന്നു. 27 കുവൈത്ത് ചാരിറ്റികളും സർക്കാർ സ്ഥാപനങ്ങളും അധികാരികളും ഇതിൽ ഭാഗവാക്കായതായും കെ.എസ്.ആർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.