കുവൈത്ത് സിറ്റി: ലിംഗസമത്വം കൈവരിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമതാണെന്ന് സാമൂഹികകാര്യ മന്ത്രിയും വനിത ശിശുക്ഷേമ മന്ത്രിയുമായ മായ് അൽ ബാഗ്ലി. രാജ്യത്തിന്റെ വികസന പദ്ധതികളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുവൈത്ത് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കുവൈത്ത് വനിത ദിനത്തോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മായ് അൽ ബാഗ്ലി.
സ്ത്രീകളുടെ സാമൂഹിക പങ്കിൽ നേതൃത്വത്തിന്റെ താൽപര്യവും അവരുടെ ശാക്തീകരണത്തിനുള്ള പിന്തുണയും മന്ത്രി വ്യക്തമാക്കി. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കുന്നതിനൊപ്പം, വിവിധ മേഖലകളിൽ വനിതകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അവരുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനും വികസന പരിപാടികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുമെന്നും മായ് അൽ ബാഗ്ലി പറഞ്ഞു. കുവൈത്ത് വനിതകളുടെ സമുന്നതമായ മുന്നേറ്റത്തിൽ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു.
സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മന്ത്രാലയം തങ്ങളുടെ പദ്ധതികളിലൂടെ ശ്രമിക്കുന്നതെന്ന് സാമൂഹികകാര്യ, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ മുതൈരി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ശാക്തീകരണ സംരംഭങ്ങളിൽ അവരെ പ്രാപ്തരാക്കാനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായും അദ്ദേഹം അറിയിച്ചു. എല്ലാ വർഷവും മേയ് 16നാണ് ‘കുവൈത്ത് വനിത ശാക്തീകരണം’ എന്ന മുദ്രാവാക്യവുമായി കുവൈത്തിൽ വനിതദിനം സംഘടിപ്പിക്കുന്നത്. നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.