കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ബ്രിട്ടീഷ് വിദേശ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. പുതിയ ചുമതലയിൽ കാമറൂണിനെ ശൈഖ് സലിം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനും അന്താരാഷ്ട്ര വേദികളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും കാമറൂണുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ശൈഖ് സലിം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഗസ്സ സംഘർഷം, ഫലസ്തീന് നേരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇസ്രായേൽ അധിനിവേശ സേനയെ നിർബന്ധിക്കൽ എന്നിവയും വിലയിരുത്തി. നിയമാനുസൃതമായ അവകാശങ്ങളും രാഷ്ട്രപദവിയും നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഫലസ്തീൻ ജനതക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ ശൈഖ് സലിം ആവർത്തിച്ചു.
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുക, വെടിനിർത്തൽ പുനഃസ്ഥാപിക്കുക, മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുക, മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സംഘർഷം വ്യാപിക്കുന്നത് തടയുക എന്നിവക്കായി അന്താരാഷ്ട്ര സമൂഹത്തിന്റെ നിർണായക നടപടികളുടെ ആവശ്യകതയും ശൈഖ് സലിം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.