കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ (കിറ) സംഗമം മെഹ്ബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. റസ്റ്റാറന്റ് ഉടമകളായ 150ൽ പരം അംഗങ്ങൾ പങ്കെടുത്തു. ചെയർമാൻ സിദ്ദീക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഷീദ് തക്കാര അധ്യക്ഷത വഹിച്ചു. സംഘടന പുതുതായി നടപ്പാക്കുന്ന ഓണർമാർക്കുള്ള ഫാമിലി ബെനഫിറ്റ് സ്കീം, തൊഴിലാളികൾക്കുള്ള എംപ്ലോയീസ് വെൽഫെയർ സ്കീം എന്നിവയെ കുറിച്ച് പ്രസിഡന്റ് റഷീദ് തക്കാരയും, വൈസ് ചെയർമാൻ സജീവ് സൺറൈസും വിശദീകരിച്ചു. ഈ സ്കീമുകൾ സ്ലാബ് സിസ്റ്റത്തിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. അംഗങ്ങളുടെ സ്ഥാപനങ്ങളിൽനിന്ന് മരണപ്പെട്ട നാലു തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷത്തോളം രൂപ സഹായധനമായി കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർമാൻ നബ്യാർ സംഘടന പ്രവർത്തനം വിശദീകരിച്ചു.
അഡ്വ. ബെന്നി തോമസ് റസ്റ്റാറന്റ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട നിയമവശങ്ങൾ വിശദീകരിച്ചു. പ്രീ ലൈൻ ഹോൾഡിങ്സിലെ എക്സിക്യൂട്ടിവ് ഷെഫ് ടോണി മംഗലി ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് ക്ലാസെടുത്തു. മനു ശർമ, സി.എസ്. ബാബു എന്നിവർ സ്ഥാപനങ്ങളും തൊഴിലാളികളെയും ഇൻഷുറൻസ് കവറേജിൽ കൊണ്ടുവരുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ‘റസ്റ്റാറന്റ് വ്യവസായത്തിലെ ഓട്ടോമേഷൻ’ എന്ന വിഷയത്തിൽ തക്കാര ഗ്രൂപ് ഡയറക്ടർ ശിബിൽ റഷീദ് പ്രസന്റേഷൻ അവതരിപ്പിച്ചു. ശംസു തിരുവല്ല, അബ്ദുൽ റഹ്മാൻ, ശിഹാബ് കോഡൂർ എന്നിവരും റസ്റ്റാറന്റ് മേഖലയിലെ നിയമ വശങ്ങളെ കുറിച്ച് സദസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതവും ട്രഷറർ നിഹാസ് നന്ദിയും പറഞ്ഞു. സംഘടനയുമായി സഹകരിക്കാൻ താൽപര്യമുള്ള ഹോട്ടൽ ഉടമകൾ ബഷീർ ഉദിനൂർ (94000392),ഹനീഫ (97861135) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.