കുവൈത്ത് സിറ്റി: പുണ്യമാസം പടിവാതിൽക്കലെത്തി നിൽക്കെ രാജ്യം റമദാൻ ഒരുക്കങ്ങളിലേക്ക്. ഈ മാസം 23ന് രാജ്യത്ത് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പള്ളികളിൽ വെള്ളിയാഴ്ച ഖുതുബയിൽ റമദാനുവേണ്ടി ഒരുങ്ങാൻ ഖത്തീബുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പള്ളികളും സംഘടനകളും റമദാനെ വരവേൽക്കാനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്. മലയാളി സംഘടനകൾ റമദാനെ സ്വാഗതം ചെയ്യുന്ന വിവിധ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. റമദാൻ ആരംഭിക്കുന്നതിനുമുമ്പ് വാർഷിക പരിപാടികളും മറ്റു ആഘോഷങ്ങളും തീർക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകൾ.
സർക്കാർ ഓഫിസുകളിൽ റമദാനിൽ ജോലിസമയം നാലര മണിക്കൂറാക്കി നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും ജോലിസമയങ്ങളിൽ ഇളവുണ്ടാകും. കനത്ത ചൂടും തണുപ്പും ഇല്ലാത്ത മിതമായ കാലാവസ്ഥയിലാണ് ഇത്തവണ രാജ്യത്ത് റമദാൻ എത്തുന്നത് എന്നത് ആശ്വാസമാണ്. റമദാൻ മുന്നിൽ കണ്ട് വ്യാപാരസ്ഥാപനങ്ങളും പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹൈപർമാർക്കറ്റുകളിൽ വിലക്കിഴിവും റമദാൻ പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
റമദാനിൽ രാജ്യത്തിനകത്ത് പ്രതിദിനം 7,000 പേർക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നൽകുമെന്ന് കുവൈത്ത് സകാത്ത് ഹൗസ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി അറിയിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മസ്ജിദുകൾ, ഹാളുകൾ, മൊബൈൽ കാറുകൾ എന്നിവ വഴിയാകും പദ്ധതി നടപ്പാക്കുക. വിവിധ ചാരിറ്റി സംഘടനകളുടെ മേൽനോട്ടത്തിലും സ്പോൺസർഷിപ്പിലും ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സകാത്ത് ഹൗസിന്റെ വെബ്സൈറ്റിലൂടെയും സ്മാർട്ട് ഫോണുകളിലെ അപേക്ഷയിലൂടെയും സകാത്ത്, ദാനധർമങ്ങൾ സ്വീകരിക്കൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റവന്യൂ കേന്ദ്രങ്ങൾ പണം, സ്വർണം, മറ്റുള്ളവ എന്നിവയുടെ സകാത്ത് കണക്കാക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകാനുള്ള തയാറെടുപ്പിലാണ്. കോർപറേറ്റ് ഓഹരികളുടെ സകാത്ത് വിഹിതവും സകാത്ത് ഹൗസ് വഴി അറിയാൻ സൗകര്യം ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.