കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കുന്നു. ഇതിനായി വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ഇ-ലിങ്കിങ് സ്ഥാപിക്കാനൊരുങ്ങുകയാണ് മാനവശേഷി വകുപ്പ്. മാൻപവർ റിക്രൂട്ട്മെൻറ് അതോറിറ്റിയുടെയും വിദേശരാജ്യങ്ങളിലെ കുവൈത്ത് നയതന്ത്ര കാര്യാലയങ്ങളുടെയും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പദ്ധതി. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി കുവൈത്തിലെത്തുന്നതിനുമുമ്പുതന്നെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇ -ലിങ്കിങ് നടപ്പാക്കുന്നതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരീക്ഷണാർഥം ഈജിപ്തിലെ കുവൈത്ത് എംബസിയുമായാണ് ആദ്യം കമ്പ്യൂട്ടർ ബന്ധം സ്ഥാപിക്കുകയെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു.
സംവിധാനം വിജയകരമാണെന്നു കണ്ടാൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു റിക്രൂട്ടിങ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. 30 വയസ്സിൽ താഴെയുള്ള വിദേശികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് നിർത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അഹ്മദ് അൽ മൂസ പറഞ്ഞു. വിസ അനുവദിക്കുന്നതിന് പ്രായം നിർണയിക്കുന്നത് മാൻപവർ അതോറിറ്റി അല്ല. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായ എല്ലാവർക്കും തൊഴിൽ പെർമിറ്റ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.