കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്താകമാനം മഴയെത്തി. ഉച്ചയോടെ ആരംഭിച്ച മഴ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു. മഴക്കൊപ്പം ചിലയിടങ്ങളിൽ കാറ്റും അനുഭവപ്പെട്ടു. ചെറിയ രൂപത്തിൽ കാറ്റും വീശി. അന്തരീക്ഷത്തിലും ഭൂമിയിലും ഈർപ്പം നിറഞ്ഞതോടെ താപനില വളരെ താഴ്ന്നു. വ്യാഴാഴ്ച വൈകീട്ടും രാത്രിയും രാജ്യത്ത് നല്ല തണുപ്പ് അനുഭവപ്പെട്ടു. എതാനും ദിവസങ്ങളായി രാജ്യത്ത് നേരിയ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ചയോടെ ഇത് ശക്തമായി. വ്യാഴാഴ്ച ആകാശം മേഘങ്ങളാൽ നിറഞ്ഞിരുന്നു.
പകൽ മുഴുവൻ പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ മേഘങ്ങൾ ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ പ്രവചന വകുപ്പിലെ യാസർ അൽ ബലൂഷി പറഞ്ഞു. വെള്ളിയാഴ്ച തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ആയിരിക്കും. മണിക്കൂറിൽ 6-24 കിലോമീറ്റർ വേഗത്തിൽ നേരിയ കാറ്റ് വീശാം. ചിതറിയ മഴക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മിതമായതും താരതമ്യേന ഈർപ്പമുള്ളതുമായ അന്തരീക്ഷം അനുഭവപ്പെടും. പരമാവധി താപനില 22-26 സെൽഷ്യസിന് ഇടയിലായിരിക്കും. കടലിൽ 1-4 അടി ഉയരത്തിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകും.
വെള്ളിയാഴ്ച രാത്രി തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയും നേരിയ കാറ്റും അനുഭവപ്പെടും. 14-18 ഡിഗ്രി സെൽഷ്യസിനിടയിലാകും താപനില. മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. രാത്രി തണുപ്പുള്ളതും ഈർപ്പമുള്ളതുമായിരിക്കും. തെക്ക് കിഴക്കോട്ട് ആറു മുതൽ 26 കി.മീ/മണിക്കൂർ വേഗത്തിൽ കാറ്റും വീശാം. മൂടൽമഞ്ഞിനുള്ള സാധ്യതയുമുണ്ട്. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറക്കാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലർത്തണം. തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അടിയന്തര സാഹചര്യങ്ങളിൽ 112 നമ്പറിൽ വിളിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.