കുവൈത്ത് സിറ്റി: വീടിന്റെ ബേസ്മെന്റുകൾ നിയമവിരുദ്ധമായി വെയർഹൗസുകളാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി. വീടിന്റെ ബേസ്മെന്റുകൾ സംഭരണ ആവശ്യങ്ങൾക്കായി വാടകക്ക് നൽകുന്ന നിരവധി സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി ബേസ്മെന്റുകൾ ഒഴിപ്പിക്കുന്ന നടപടി അധികൃതർ തുടരുകയാണ്.
പാർപ്പിട ബേസ്മെന്റുകൾ വെയർഹൗസാക്കുന്നത് ജീവനും സ്വത്തിനും അപകടത്തിന് കാരണമാകുമെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടറും ഔദ്യോഗിക വക്താവുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു. സാമ്പത്തിക നേട്ടങ്ങൾക്കായുള്ള ഇത്തരം പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കാനും അഭ്യർഥിച്ചു.
റസിഡൻഷ്യൽ ഏരിയകളിലെ ബേസ്മെന്റുകൾ വാടകക്ക് നൽകുന്ന പരസ്യങ്ങൾ സൂപ്പർവൈസറി ടീമുകൾ അടുത്തിടെ കണ്ടെത്തിയതായി അൽ മുതൈരി സൂചിപ്പിച്ചു. ഇത് സുരക്ഷ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണെന്നും വ്യക്തമാക്കി. തീപിടിക്കുന്ന വസ്തുക്കളും വിഷവാതകങ്ങളും ഉൾെപ്പടെയുള്ള സാധനങ്ങൾ റസിഡൻഷ്യൽ ബേസ്മെന്റുകളിൽ സൂക്ഷിക്കുന്നത് മുനിസിപ്പൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും അൽ മുതൈരി അടിവരയിട്ടു. മുനിസിപ്പാലിറ്റി പരിശോധന സംഘം ഇവ കണ്ടെത്തി വരുകയാണെന്നും നിയമവിരുദ്ധ വെയർഹൗസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ പൗരന്മാർക്കും താമസക്കാർക്കും അധികൃതരെ അറിയിക്കാം. 139 ഹോട്ട്ലൈൻ, 24727732 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ ആണ് അറിയിക്കേണ്ടത്. കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ ഇവ പരിശോധിച്ച് നടപടികൾ സ്വീകരിക്കും. വെയർഹൗസുകളായി ഹോം ബേസ്മെന്റുകളുടെ ഉപയോഗം പൊതു സുരക്ഷക്കും ഭീഷണിയും അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.