കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ അഞ്ചിലൊന്ന് അംഗങ്ങൾക്കും കോവിഡ് ബാധിച്ചു. 50 അംഗ പാർലമെൻറിൽ പത്തുപേരാണ് കോവിഡ് ചികിത്സയിലുള്ളത്.
സൗദ് അൽ ശുവൈയിർ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജ്റുഫ് എന്നിവർക്കുകൂടിയാണ് കോവിഡ് ബാധിച്ചത്. നേരേത്ത അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, സഅദൂൻ അൽ ഹമ്മാദ്, യൂസുഫ് അൽ ഫദ്ദാല, ഫൈസൽ അൽ കന്ദരി, ആദിൽ അൽ ദംഹി, മുഹമ്മദ് അൽ ദലാൽ, സഫ അൽ ഹാഷിം, മുബാറക് അൽ ഹജ്റുഫ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ച പത്തുപേരിൽ അഞ്ചുപേരും മൂന്നാം മണ്ഡലത്തിൽനിന്നുള്ളവരാണ്. നാല്, അഞ്ച് മണ്ഡലങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും ഒന്നാം മണ്ഡലത്തിലെ ഒരാളുമാണ് രോഗബാധിതരായത്.
അഞ്ചു പാർലമെൻറ് മണ്ഡലത്തിൽ ഒാരോന്നിൽനിന്നും പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് കുവൈത്തിലെ പാർലമെൻറ് തെരഞ്ഞെടുപ്പ് രീതി. എം.പിമാർക്ക് കോവിഡ് ബാധിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ട പാർലമെൻറ് സെഷൻ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം സ്പീക്കർ മർസൂഖ് അൽ ഗാനിം റദ്ദാക്കിയിരുന്നു. ഇൗ മാസം പുതിയ കോവിഡ് കേസുകൾ താരതമ്യേന കൂടുതലാണ്. അതിൽതന്നെ ഭൂരിഭാഗവും സ്വദേശികൾക്കുമാണ്.
വൈറസ് വ്യാപനതോത് വിലയിരുത്തി കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുഴുവൻ രാജ്യനിവാസികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.