കുവൈത്ത് സിറ്റി: മിഡിലീസ്റ്റിലും ലോകത്തും സമാധാനം നിലനിർത്തുന്നതിൽ കുവൈത്ത് നിർണായക പങ്ക് വഹിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വാഷിങ്ടണിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹുമായി നടത്തിയ ചർച്ചക്കിടെയാണ് ബ്ലിങ്കന്റെ പരാമർശം. സിറിയ, യമൻ, മിഡിലീസ്റ്റ് മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും പങ്കുവെച്ചു. സുഡാനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് യു.എസ് സെക്രട്ടറി നന്ദി അറിയിച്ചു.
കുവൈത്തും യു.എസും തമ്മിൽ ശക്തവും തന്ത്രപരവുമായ പങ്കാളിത്തവും സൗഹൃദവുമാണുള്ളതെന്ന് ശൈഖ് സലീം പറഞ്ഞു. ഈ പങ്കാളിത്തം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് യു.എസ് വിദേശകാര്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും പറഞ്ഞു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ യു.എസിന് പ്രധാന പങ്കുണ്ട്, പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിൽ യു.എസിന്റെ പങ്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രതിസന്ധികൾക്കിടയിൽ സംഘർഷങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ കുവൈത്ത് ശ്രമിക്കുന്നതായും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
കുവൈത്തും യു.എസും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ വശങ്ങൾ പരിശോധിക്കാനുള്ള അവസരമാണ് ചർച്ചകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബറിൽ കുവൈത്തിൽ നടക്കാനിരിക്കുന്ന ആറാം റൗണ്ട് സംഭാഷണത്തെക്കുറിച്ച് ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.