കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടിനൊപ്പം വൈദ്യുതി തടസ്സവും വന്നുചേർന്നതോടെ വലഞ്ഞ് ജനങ്ങൾ. പകൽ സമയത്ത് ശരാശരി താപനില നിലവിൽ 50 ഡിഗ്രി സെൽഷ്യസിനോടടുത്തിട്ടുണ്ട്. ബുധനാഴ്ച 50ന് മുകളിലേക്ക് താപനില ഉയർന്നു. രാത്രിയിലും കനത്ത ചൂട് തുടരുന്നുണ്ട്. ഇതോടെ പകലും രാത്രിയും പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് ജനം. ഉയർന്ന താപനിലക്കൊപ്പം ശക്തമായ ചൂടുകാറ്റും വീശുന്നുണ്ട്.
ബുധനാഴ്ച 52 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് ഉയർന്നതോടെ വൈദ്യുതി ഉപഭോഗത്തിൽ വർധനവുണ്ടാകുകയും 40ഓളം ഇടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. രാജ്യത്തെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും ഇതോടെ പണിമുടക്കി. 300 മെഗാവാട്ട് ശേഷിയുള്ള അൽ സൂർ സൗത്ത് സ്റ്റേഷനിലെ വൈദ്യുതി ഉൽപാദന യൂനിറ്റ് തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണം. നിലവില്‍ ഗള്‍ഫ് ശൃംഖലയിൽ നിന്ന് ലഭിക്കുന്ന 400 മെഗാവാട്ട് ഊർജം രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. അടുത്ത ദിവസങ്ങളില്‍ താപനില ഉയരുന്നതോടെ പവർ ഇൻഡക്സ് ലോഡ് വീണ്ടും ഉയരുമെന്നാണ് ആശങ്ക.
ഇതോടെ വ്യവസ്ഥാപിതമായ പവർകട്ട് നടപ്പാക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പവർകട്ടും ഏർപ്പെടുത്തി. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഓരോ പ്രദേശത്തെയും സമയം ഒരു മണിക്കൂർ മുമ്പ് പ്രഖ്യാപിച്ചാണ് പവർകട്ട് ഏർപ്പെടുത്തിയത്. പരമാവധി രണ്ട് മണിക്കൂർ വരെ നീളുന്നതായിരുന്നു പവർകട്ടുകൾ.രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
കുവൈത്ത് സിറ്റി: വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്കൂളുകളിലെ ജോലികൾ താൽക്കാലികമായി നിർത്തിവെക്കാനും ജീവനക്കാർക്ക് ഞായറാഴ്ച മുതൽ വേനൽക്കാല അവധി നൽകാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. മേഖലയിലുടനീളമുള്ള വൈദ്യുത ഭാരം കുറക്കൽ ലക്ഷ്യമിട്ടാണ് ഈ നീക്കം. പരീക്ഷ ജോലികൾ ഒഴികെയുള്ള എല്ലാ മിഡിൽ, ഹൈസ്കൂൾ ജീവനക്കാർക്കും അവധി ബാധകമാകും.
കുവൈത്ത് സിറ്റി: വൈദ്യുതി മുടക്കം ഉണ്ടായാൽ എലിവേറ്റർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഫയർഫോഴ്സ് അഭ്യർഥിച്ചു. പവർ കട്ട് സമയത്ത് എലിവേറ്ററിൽ കുടുങ്ങുകയാണെങ്കിൽ എമർജൻസി അലാറം ബട്ടൺ ഉപയോഗിക്കാനോ 112 എന്ന നമ്പറിൽ വിളിക്കാനോ ഫയർഫോഴ്സ് ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈദ്യുതി മുടക്കം ഉണ്ടായ സമയത്ത് എലിവേറ്റർ തകരാറുമായി ബന്ധപ്പെട്ട് 79 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതതായി അഗ്നിരക്ഷ സേന അറിയിച്ചു. വിവിധ കെട്ടിടങ്ങളിലെ എലിവേറ്ററുകൾ പ്രവർത്തനം നിലച്ചത് ജനങ്ങളെ ബാധിച്ചു. എന്നാൽ, ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിരക്ഷ സേന പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയത് ആരോഗ്യ സൗകര്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗകര്യങ്ങൾ ശരിയായി പ്രവർത്തിപ്പിക്കുന്നതിന് തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മെഡിക്കൽ സൗകര്യങ്ങളിൽ ബാക്കപ് ജനറേറ്ററുകൾ ഉണ്ട്. ആശുപത്രികൾ, പൊതു ക്ലിനിക്കുകൾ, ബ്ലഡ് ബാങ്കുകൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് വ്യക്തമാക്കി
ആരോഗ്യ സൗകര്യങ്ങൾക്ക് ബാക്കപ് ജനറേറ്ററുകൾ നൽകി അടിയന്തര സാഹചര്യം നേരിടാൻ മുൻകൂട്ടി നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അൽ സനദ് കൂട്ടിച്ചേർത്തു. ജോലി അവസാനിച്ചതിന് ശേഷം മുറികളിലും ഓഫിസുകളിലും ലൈറ്റുകളും ഇലക്ട്രിക്കൽ സ്വിച്ചുകളും ഓഫ് ചെയ്യാൻ ജീവനക്കാർക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
കുവൈത്ത് സിറ്റി: കനത്ത ചൂട് കാരണം രാജ്യത്ത് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ ഹോം ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. മോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിയന്ത്രണം പുറപ്പെടുവിച്ചത്. കമ്പനികൾ നിർദ്ദേശം പാലിക്കണമെന്നും ലംഘിക്കുന്നവർ പിഴകൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. താപനില ഉയരുന്നതിനാൽ ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ രാജ്യത്ത് പുറം തൊഴിൽ ജോലികൾക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.