കുവൈത്ത് സിറ്റി: സാഫ് കപ്പ് കിരീടം കൈവിട്ടെങ്കിലും കുവൈത്തിലെ ഫുട്ബാൾ പ്രേമികൾക്ക് ആശ്വസിക്കാം. ശക്തരായ ഇന്ത്യക്കെതിരെ വലിയ പോരാട്ടം കാഴ്ചവെച്ച് അവസാന നിമിഷം സഡൻ ഡെത്തിലാണ് കുവൈത്ത് കീഴടങ്ങിയത്. ചാമ്പ്യൻഷിപ്പിലെ മൊത്തം പ്രകടനം പരിശോധിക്കുമ്പോഴും കുവൈത്ത് ഒരുപിടി മുന്നിലാണ്. ഗ്രൂപ് തലത്തിൽ നേപ്പാളിനെയും പാകിസ്താനെയും വലിയ മാർജിനിൽ തോൽപിച്ച ടീം സെമിയിൽ ബംഗ്ലാദേശിനെയും കീഴടക്കി. ഫൈനലിൽ ഇന്ത്യക്കുമുന്നിൽ മാത്രമാണ് ഏക തോൽവി. ഇതിനകം തോൽവിയില്ലാതെ തുടർച്ചയായി ഒമ്പത് മത്സരങ്ങൾ കുവൈത്ത് ടീം പിന്നിട്ടിരുന്നു.
സാഫ് കപ്പിലെ ടീമിന്റെ പ്രകടനം ലോക ഫുട്ബാളിൽ കുവൈത്തിന്റെ മടങ്ങിവരവിന്റെ ലക്ഷണമായി വിലയിരുത്തുന്നവരുണ്ട്. അടുത്തിടെയായി സ്ഥിരതയാർന്ന പ്രകടനങ്ങൾ കുവൈത്ത് ടീമിന് പുറത്തെടുക്കാനാകുന്നുണ്ട്. തുടർച്ചയായി നേട്ടങ്ങളുമായി കാൽപന്തുകളിയിൽ അറേബ്യൻ ഗൾഫ് മേഖലയിൽ തിളങ്ങിനിന്നൊരു കാലം കുവൈത്തിനുണ്ടായിരുന്നു. 1970 മുതൽ ’90കൾ വരെ കുവൈത്ത് ഫുട്ബാളിന്റെ സുവർണകാലഘട്ടമാണ്. 1982 ലോകകപ്പ് കളിച്ച ടീം എന്ന മികവ് മേഖലയിൽ കുവൈത്തിനുമാത്രം സ്വന്തമാണ്.
അറേബ്യൻ ഗൾഫ് കപ്പിൽ 10 തവണ മുത്തമിട്ട കുവൈത്തിന്റെ നേട്ടം തകർക്കപ്പെടാതെ കിടക്കുന്നു. 1970 മുതൽ 1998 വരെ കാലയളവിലാണ് ഇതിലെ ഒമ്പതു കിരീടവും. 1998ൽ ഫിഫ റാങ്കിങ്ങിൽ 24ാം റാങ്കെന്ന സ്വപ്നതുല്യ സ്ഥാനത്തെത്താനും കുവൈത്തിന് കഴിഞ്ഞിരുന്നു. 2009, 2012, 2013 വർഷങ്ങളിൽ എ.എഫ്.സി കപ്പ് ജേതാക്കളുമായി കുവൈത്ത് ഫുട്ബാൾ ഭൂപടത്തിൽ നിറഞ്ഞുനിന്നു.
ആദ്യമായി ഏഷ്യൻ കപ്പ് നേടിയ രാജ്യം, ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഒളിമ്പിക്സിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഗൾഫ് കപ്പ് നേടുന്ന ആദ്യ രാജ്യം, ഏഷ്യാഡിൽ ആദ്യമായി മെഡൽ നേടിയ രാജ്യം, പശ്ചിമേഷ്യ കപ്പ് നേടിയ ആദ്യ രാജ്യം, സാഫ് കപ്പിൽ ഫൈനൽ യോഗ്യത നേടിയ ആദ്യ രാജ്യം എന്നിങ്ങനെ കുവൈത്ത് അറബ് മേഖലയിൽ ഇപ്പോഴും മുന്നിലാണ്.
എന്നാൽ, 2007, 2008, 2015 വർഷങ്ങളിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിൽ കുവൈത്ത് ഫുട്ബാൾ രംഗം ഉലഞ്ഞു. 2015 ഒക്ടോബർ 16 മുതലുള്ള ഫിഫ വിലക്ക് 2017 ഡിസംബർ ആറുവരെ നീണ്ടു.
രാജ്യത്തെ പുതിയ കായിക നിയമത്തിന്റെ പേരിലായിരുന്നു ഈ വിലക്ക്. ഇതോടെ 2018 ഫിഫ ലോകകപ്പ്, 2019 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ ടീമിന് നഷ്ടമായി. ഫിഫ ലോക റാങ്കിങ്ങിൽ ടീം 189ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതിനിടെ മികച്ച കളിക്കാരുടെ ഒരു തലമുറ കളമൊഴിഞ്ഞു. രാജ്യത്ത് ക്ലബ് ഫുട്ബാൾ പോലും നിർജീവമായി.
വിലക്കുകഴിഞ്ഞ് 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കായാണ് കുവൈത്ത് ദേശീയ ടീം വീണ്ടും രൂപവത്കരിക്കുന്നത്. ഗ്രൂപ്പിൽ ശക്തരായ ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. എങ്കിലും കുവൈത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.
കഴിഞ്ഞ ഗൾഫ് കപ്പിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ ടീമുകളടങ്ങുന്ന ഗ്രൂപ്പിൽ ഖത്തറിനൊപ്പം ശക്തമായ പ്രകടനം നടത്തിയെങ്കിലും ഗോൾ ശരാശരിയിൽ സെമി പ്രവേശനം നഷ്ടപ്പെട്ടു.
സാഫ് കപ്പിലെ അപരാജിത കുതിപ്പും ഫൈനൽ പ്രവേശനവും ടീമിനും ആരാധകർക്കും ഉണർവു നൽകിയിട്ടുണ്ട്. പുതിയ ഫിഫ റാങ്കിങ്ങിൽ 141ാം സ്ഥാനത്താണ് കുവൈത്ത്. പതിയെ നില മെച്ചപ്പെടുത്തി മുന്നോട്ടുള്ള കുതിപ്പിനൊരുങ്ങുകയാണ് ടീം. അടുത്ത ഡിസംബറിൽ കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പാണ് ആദ്യ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.