കുവൈത്ത് സിറ്റി: ലബനാനിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് രണ്ടു വിമാനങ്ങൾകൂടി അയച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച ലബനാന് കുവൈത്ത് അടക്കമുള്ള രാജ്യങ്ങളുടെ സഹായം ആശ്വാസമാകും. ഇതോടെ കുവൈത്ത് ലബനാനിലേക്ക് മരുന്നും മറ്റു സഹായവസ്തുക്കളുമായി അയച്ച വിമാനങ്ങളുടെ എണ്ണം ഏഴായി.
ആദ്യ വിമാനങ്ങളിൽ മരുന്നും ചികിത്സാ ഉപകരണങ്ങളുമായിരുന്നെങ്കിൽ ഇപ്പോൾ അയച്ചത് ഭക്ഷണവസ്തുക്കളാണ്. ലബനാനിലെ സ്ഫോടനശേഷം ആദ്യമായി സഹായവസ്തുക്കൾ എത്തിച്ചതും കുവൈത്താണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് മരുന്നും ചികിത്സാ ഉപകരണങ്ങളും അയച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള തീവ്രശ്രമത്തിനിടയിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇൗ മാനുഷിക സേവനം സമൂഹമാധ്യമങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നു. ലബനാനിലെ ദുരിതബാധിതരെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി വിഭവസമാഹരണ കാമ്പയിൻ നടത്തുന്നുണ്ട്. https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ ലബനാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.