കുവൈത്ത് സിറ്റി: വികസനം കുറഞ്ഞ രാജ്യങ്ങൾ (എൽ.ഡി.സി- ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ്) പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും കൂടുതൽ സഹായം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് സലീം അസ്സബാഹ്. ഇത്തരം രാജ്യങ്ങൾക്ക് പിന്തുണ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഹയിൽ നടന്ന യു.എൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തിൽ രാജ്യങ്ങൾ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അത്തരം വളർച്ച സ്ഥിരവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.
കടം, പട്ടിണി തുടങ്ങിയ വർധിച്ചുവരുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് ഉറച്ച പിന്തുണ നൽകുന്നത് തുടരും. അന്താരാഷ്ട്ര സമൂഹത്തിലെ കൂടുതൽ സഹകരണത്തിലൂടെ മാത്രമേ ഇത്തരം നടപടി വിജയിപ്പിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ മുതൽ ആരോഗ്യപരിപാലനം വരെയുള്ള നിർണായക മേഖലകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രി ആവശ്യപ്പെട്ടു.
യു.എൻ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏകദേശം 46 രാജ്യങ്ങളെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ദോഹയിലെ നാലു ദിവസത്തെ യു.എൻ സമ്മേളനം പ്രസ്തുത രാജ്യങ്ങളിലെ വികസന തന്ത്രങ്ങൾക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങൾ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.