കുവൈത്ത് സിറ്റി: ശുെഎബ തുറമുഖത്ത് ജോലിയെടുക്കുന്ന 105 ഇന്ത്യക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയിൽ മാൻപവർ അതോറിറ്റി ഇടപെടുന്നു. ജൂൺ മുതൽ ഇവർക്ക് ശമ്പളം ലഭിച്ചില്ലെന്നാണ് ആക്ഷേപം. തൊഴിലാളികൾ ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുകയും ചെയ്തു. മാൻപവർ അതോറിറ്റി അധികൃതർ മംഗഫിലെ തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ചു. കമ്പനിയുടെ ഫയൽ ഭാഗികമായി സസ്പെൻഡ് ചെയ്തു.
കമ്പനി പ്രതിനിധിയെ വിളിപ്പിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കൊടുത്തുതീർത്ത് പ്രശ്നം പരിഹരിക്കണമെന്ന് നിർദേശം നൽകി. 105 പേരിൽ 99 പേർ തമിഴ്നാട്ടുകാരാണ്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ നിത്യജീവിതത്തിന് പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു തൊഴിലാളികൾ. സാമൂഹിക പ്രവർത്തകരാണ് ഇവർക്ക് ഭക്ഷണമെത്തിച്ചിരുന്നത്. വാടക കൊടുക്കാത്തതിനാൽ കെട്ടിട ഉടമ വെള്ളവും ലിഫ്റ്റ് സർവിസും റദ്ദാക്കിയതായും പരാതിയുണ്ട്. ഏതുസമയവും ഇവരെ ഇവിടെനിന്ന് ഇറക്കിവിടുമെന്ന സ്ഥിതിയായിരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ നിരവധി പേരുടെ ഇഖാമ കഴിയുന്നു. ഇതിനകം സേവനം അവസാനിപ്പിച്ചവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നും പറയുന്നു. മാൻപവർ അതോറിറ്റിയുടെ ഇടപെടൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.