കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് മൂസയെ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അൽ സൽമാൻ സസ്പെൻഡ് ചെയ്തു. അദ്ദേഹം താൽപര്യപ്പെടുകയാണെങ്കിൽ ജനറൽ മാനേജർ തസ്തികയിൽ സേവനം ചെയ്യാമെന്ന് മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ അറിയിച്ചു. നയപരമായ കാര്യത്തിൽ മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തതാണ് അഹ്മദ് മൂസക്കെതിരെ നടപടിയെടുക്കാൻ കാരണം. 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണം അദ്ദേഹത്തിന് വിനയായി.
അന്താരാഷ്ട്ര തലത്തിൽ കുവൈത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇതെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് പോലെയല്ല നിലവിലുള്ളത് പുതുക്കുന്നത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം അഹ്മദ് അൽ മൂസയുടെ അധികാരം വെട്ടിച്ചുരുക്കി വാണിജ്യ വ്യവസായ മന്ത്രി ഉത്തരവ് ഇറക്കിയിരുന്നു.
നേതാക്കളെ നിയമിക്കലും സ്ഥാനം മാറ്റലും, സൂപ്പർവൈസറി തസ്തിക സൃഷ്ടിക്കൽ, തൊഴിലാളികളെ നിർബന്ധിതമായി വിരമിപ്പിക്കൽ, ജോലിയിൽനിന്ന് പിരിച്ചുവിടലും പിഴ ചുമത്തലും, നിയമനവും പുനർ നിയമനവും, അച്ചടക്ക നടപടി റദ്ദാക്കൽ, അന്വേഷണാധികാരം, കരാർ അവസാനിപ്പിക്കൽ, സ്വകാര്യ ടെൻഡർ, താൽക്കാലിക ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കൽ, സ്ഥലംമാറ്റം, ആഭ്യന്തരവും ബാഹ്യവുമായ പരിശീലന ചുമതല, പ്രമോഷൻ നൽകൽ, ഇൻക്രിമെൻറ് നൽകൽ, തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യൽ, അന്വേഷണ ഭാഗമായി ജോലി നിർത്തിവെപ്പിക്കൽ തുടങ്ങി 15 അധികാരങ്ങളാണ് മരവിപ്പിച്ചത്.
പിന്നാലെ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.