കുവൈത്ത് സിറ്റി: തൊഴിലുടമകളുമായി നിയമപരമായ പ്രശ്നങ്ങളുള്ള പുരുഷ പ്രവാസികൾക്കായി ഒരു അഭയകേന്ദ്രം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം) വ്യക്തമാക്കി. നിലവിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഷെൽട്ടറിൽ വനിത പ്രവാസികളെ പാർപ്പിക്കുന്നുണ്ട്. വ്യക്തിപരമായ അഭ്യർഥനയോ എംബസികളുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ അഭ്യർഥനകളോ പ്രകാരമാണിത്.
ഈ സ്ത്രീകൾക്ക് നിയമപരവും സാമൂഹികവും ആരോഗ്യപരവുമായ പരിചരണം നൽകുന്നുണ്ടെന്നും പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു.
2014ൽ സ്ഥാപിതമായ അഭയകേന്ദ്രം 13,000ത്തിലധികം സ്ത്രീ തൊഴിലാളികൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്. ഈ വർഷം 960 സ്ത്രീ തൊഴിലാളികൾ എത്തി. അമ്മമാർക്കൊപ്പം എട്ട് കുട്ടികളും എത്തി. ഇവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി. 35 പേർ മാത്രമാണ് കേന്ദ്രത്തിൽ അവശേഷിക്കുന്നതെന്നും ഡോ. ഫഹദ് അൽ മുറാദ് അറിയിച്ചു. പ്രവാസികൾക്ക് കുവൈത്ത് നിയമങ്ങൾക്കനുസൃതമായി അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരണം നൽകുന്ന ശ്രമങ്ങൾക്കും തുടക്കമായിട്ടുണ്ട്. ഇതിനായി സൊസൈറ്റി കേന്ദ്രവുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ബോർഡ് ചെയർമാൻ ഖാലിദ് അൽ അജ്മി പറഞ്ഞു. പ്രവാസികളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏഴ് ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അഭയകേന്ദ്രത്തിൽ ലോക മാനുഷിക ദിനം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.