കുവൈത്ത് സിറ്റി: ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ വൻ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ വ്യാപക അന്വേഷണത്തിനൊരുങ്ങി വാണിജ്യ മന്ത്രാലയം. കഴിഞ്ഞ പത്തു വർഷത്തെ നറുക്കെടുപ്പുകൾ ഇതിന്റെ ഭാഗമായി പരിശോധിക്കും. അന്വേഷണത്തിനായി വാണിജ്യ മന്ത്രാലയം പ്രത്യേക അന്വേഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
2015 മുതലുള്ള ബാങ്കുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നറുക്കെടുപ്പുകൾ അന്വേഷണ കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കും. പരിശോധന കാലാവധി ദീർഘിപ്പിക്കേണ്ടതുണ്ടോയെന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് അന്വേഷണ സമിതി മേധാവി അദ്നാൻ അബോൾ അറിയിച്ചു. പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകൾക്കെതിരെ പരാതി നൽകാൻ അവസരം ഒരുക്കും.
അതിനിടെ റാഫിൾ നറുക്കെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനെയും അഞ്ചു പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലരും സംഭവം പുറത്തുവന്നതിന് പിറകെ രാജ്യം വിട്ടിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി ഇന്റർപോൾ മുഖേന അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ അറിയിക്കാനായി വാണിജ്യ മന്ത്രാലയം ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.
ഇതുവഴി പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകളെക്കുറിച്ച പരാതികളും നിയമലംഘനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാം. https://ccas.moci.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പൊതുജനങ്ങൾ വിവരങ്ങള്‍ പങ്കുവെക്കേണ്ടത്.
വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എല്ലാ പരാതികളും കർശനമായി കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.