കുവൈത്ത് സിറ്റി: മൊറോക്കോയിൽ ബസ് അപകടത്തിൽ നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ കുവൈത്ത് ഭരണനേതൃത്വം മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ അനുശോചന സന്ദേശം അയച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ആത്മാർഥമായ അനുശോചനവും അറിയിക്കുന്നതായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശത്തിൽ വ്യക്തമാക്കി. മരണപ്പെട്ടവർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്നും അമീർ അറിയിച്ചു.
അപകടത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹം മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ സന്ദേശം അയച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മുഹമ്മദ് ആറാമന്‍ സന്ദേശം അയച്ചു.
മൊറോക്കോയിൽ ഞായറാഴ്ച വാൻ മറിഞ്ഞ് 24 പേർ മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. സെൻട്രൽ മൊറോക്കോയിൽ അസിലാൽ പ്രവിശ്യയിലാണ് അപകടം. അസിലാലിലെ ആഴ്ചച്ചന്തയിലേക്ക് പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.