കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികളേ, നിങ്ങളിൽ പലർക്കും അറിയുമായിരിക്കും ഡോ. ഷമീമ അൻവർ സാദത്തിനെ. 2006 മുതൽ 2014 വരെ കുവൈത്തിലെ അൽ സബാഹ് മറ്റേണിറ്റി ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഐ.വി.എഫ് സ്പെഷലിസ്റ്റായി ജോലിചെയ്തിരുന്ന മലയാളി ഡോക്ടർ. അവരുടെ ഭർത്താവ് ഡോ. അൻവർ സാദത്ത് ഇക്കാലയളവിൽ അൽ ജഹ്റ ആശുപത്രിയിൽ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.
അണ്ഡാശയം നീക്കംചെയ്ത യുവതിക്ക് രണ്ടു വർഷത്തിനുശേഷം മാതൃത്വം ലഭിച്ചത് സംബന്ധിച്ച അടുത്തിടെ കേരളത്തിലെയും ദേശീയതലത്തിലെയും വാർത്ത നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ അപൂർവവും സങ്കീർണവുമായി ഈ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ഷമീമ അൻവർ സാദത്ത് തന്നെയാണ് അൽ സബാഹ് മറ്റേണിറ്റി ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഷമീമ.
മലിഗ്നൻറ് സ്ട്രുമ ഓവറൈ എന്ന അത്യപൂർവ അർബുദം ബാധിച്ച് അണ്ഡാശയം നീക്കം ചെയ്യേണ്ടിവന്ന 28 കാരി അങ്കമാലി സ്വദേശിയായ യുവതിയാണ് രണ്ട് വർഷത്തിനുശേഷം കുഞ്ഞിന് ജന്മം നൽകിയത്. അണ്ഡാശയത്തിനു പുറമെ തൈറോയ്ഡ് ഗ്രന്ഥിയും അപ്പെൻഡിക്സും നീക്കം ചെയ്തിരുന്നു. അണ്ഡാശയം നീക്കം ചെയ്താൽ ഗർഭം ധരിക്കാനാകില്ലെന്നതിനാൽ ഫ്രോസൺ എംബ്രിയോ രീതിയാണ് അവലംബിച്ചത്.
2018 ഒക്ടോബറിൽ അർബുദ ചികിത്സക്ക് മുമ്പ് അണ്ഡം പുറത്തെടുത്ത് ഐ.വി.എഫ്, ഐ.സി.എസ്.ഐ രീതികളിലൂടെ ബീജസങ്കലനം നടത്തി, ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു. രണ്ടു വർഷത്തെ ചികിത്സ കഴിഞ്ഞ് 2020 ആഗസ്റ്റിൽ രോഗമുക്തയായ ശേഷമാണ് ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. ഹോർമോൺ ചികിത്സയിലൂടെ ഗർഭപാത്രം സാധാരണ നിലയിലാക്കിയ ശേഷമായിരുന്നു ഇത്. യുവതി 2021ഏപ്രിൽ 10ന് പെൺകുഞ്ഞിന് ജന്മം നൽകി.
അണ്ഡാശയത്തിെൻറ ചെറിയൊരു ഭാഗം മാത്രമേ രോഗം ബാധിക്കാത്തതായി ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ചികിത്സ സങ്കീർണമായിരുന്നുവെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ ഗൈനക്കോളജി സീനിയർ കൺസൽട്ടൻറും ഐ.വി.എഫ് വിഭാഗം മേധാവിയും ലാപ്രോസ്കോപിക് ആൻഡ് റോബോട്ടിക് സർജനുമായ ഡോ. ഷമീമ അൻവർ സാദത്ത് പറഞ്ഞു. ഓങ്കോളജി, എൻഡോക്രൈനോളജി, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചികിത്സക്ക് നേതൃത്വം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരമാണ് നാട്ടിൽനിന്ന് ലഭിക്കുന്നത്.
കുവൈത്ത് വിട്ടത് മുതൽ ആസ്റ്റർ മെഡ്സിറ്റിയിലാണ് ഡോ. ഷമീമ ജോലി ചെയ്യുന്നത്. തൃശൂർ രാമവർമപുരം സ്വദേശിനിയാണ്. തിരക്കുകൾക്കിടയിലും കുവൈത്തിലുണ്ടായിരുന്ന കാലത്ത് കഴിയുന്നവിധം സാമൂഹിക രംഗത്തും സജീവമായിരുന്നു ഡോ. ഷമീമ. കഴിഞ്ഞ വർഷം കോവിഡ് ജനങ്ങളെയാകെ പരിഭ്രാന്തരാക്കിയ ഘട്ടത്തിൽ കെ.െഎ.ജി കുവൈത്ത് സംഘടിപ്പിച്ച 'ഡോക്ടറോട് ചോദിക്കാം' പരിപാടിയിലൂടെ അവർ കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ആശ്വാസ ശബ്ദമായിരുന്നു.
ഭർത്താവ് അൻവർ സാദത്ത് ഇപ്പോൾ കൊച്ചി റിനൈ മെഡ്സിറ്റിയിൽ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ വിഭാഗത്തിലാണ് ജോലി ചെയുന്നത്. മകൾ അസ്റ അൻവർ സാദത്ത് ബി.ആർക്, മകൻ സാഹിർ അൻവർ പ്ലസ്ടു വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.