കുവൈത്ത് സിറ്റി: ഫലസ്തീൻ മാധ്യമപ്രവർത്തക ഷെറീൻ അബു ആഖിലയെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയെ കുവൈത്ത് അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ നടപടിയും ഫലസ്തീൻ ജനതക്കെതിരായ ക്രൂരതയും തുടർച്ചയുമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സഹപ്രവർത്തകൻ വേഗത്തിൽ സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.അധിനിവേശ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ടിങ്ങിനിടെയാണ് അൽജസീറ റിപ്പോർട്ടർ ഷെറിൻ അബു ആഖീലയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്. സഹപ്രവർത്തകൻ അലി സമൗദി പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുവൈത്ത് പാർലമെന്റ് നടുക്കം രേഖപ്പെടുത്തി. സംഭവം ഇസ്രായേൽ അധിനിവേശ ഭീകരത പ്രതിഫലിപ്പിക്കുന്നതായി സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ഇസ്രായേൽ അടിച്ചമർത്തലുകൾക്കെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അന്വേഷണം തുടരാൻ പലസ്തീൻ മാധ്യമപ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.