കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധത്തിലും സഹകരണത്തിലും സാംസ്കാരിക വിനിമയത്തിലും സൗഹൃദത്തിന്റെ പുതിയ അധ്യായം തുറന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം.
ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ചർച്ചകളും സഹകരണ കരാറുകളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി. പുതിയ പരസ്പര സഹകരണ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും കുവൈത്തും ധാരണപത്രം ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിൽ സാംസ്കാരിക വിനിമയ പരിപാടികളും നടപ്പാക്കും.
2025 -2029 കാലയളവിലാകും ഇത്. 2025 -2028 കാലയളവിൽ കായിക മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനായുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമും നടപ്പാക്കും. ഇന്റർനാഷനൽ സോളാർ അലയൻസ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ കുവൈത്തിന് അംഗത്വം എന്നിവയാണ് കരാറുകൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തിയത്. ഞായറാഴ്ച നരേന്ദ്ര മോദിക്കും പ്രതിനിധിസംഘത്തിനും ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണം നൽകി.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽഅഹ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ -ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽമൗശർജി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നരേന്ദ്ര മോദിയെ സ്വീകരിച്ചു. ‘സേന ഗാഡ് ഓഫ് ഓണർ’ നൽകിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അൽമുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽഅഹ്മദ് അസ്സബാഹ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം, അവ വികസിപ്പിക്കുന്നതിനുള്ള വഴികൾ, വിവിധ മേഖലകളിലെ കൂടുതൽ സഹകരണം എന്നിവ ഇരുവിഭാഗവും വിലയിരുത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ബയാൻ പാലസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉച്ചഭക്ഷണവും ഒരുക്കി.
ശനിയാഴ്ച പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി വ്യാപാര -സംഘടന നേതാക്കളുമായുള്ള കൂടിക്കാഴ്ച, ലേബര്‍ ക്യാമ്പ് സന്ദര്‍ശനം എന്നിവ നടത്തിയിരുന്നു. വൈകീട്ട് പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. തുടർന്ന് ജാബിർ സ്റ്റേഡിയത്തിൽ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.