കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയുടെ 18ാം നിയമസഭ കാലയളവിലേക്കുള്ള വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായി. തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുറത്തുവരും. വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അർധരാത്രി വരെ തുടർന്നു. റമദാനും ചൂടും കാരണം പകൽ പൊതുവെ മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. വൈകീട്ടും രാത്രിയുമാണ് നിരവധി പേർ വോട്ടുചെയ്യാൻ സമയം കണ്ടെത്തിയത്. റമദാന് ആയതിനാല്‍ പോളിങ് ബൂത്തുകളിൽ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
രാജ്യ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് റമദാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 2000 ഡിസംബറിലാണ് നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. പത്തിലേറെ വനിതകള്‍ അടക്കം 200 സ്ഥാനാര്‍ഥികൾ ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നു.രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക.
ഒന്നാം മണ്ഡലം- 41, രണ്ടാം മണ്ഡലം- 39, മൂന്നാം മണ്ഡലം-32, നാലാം മണ്ഡലം- 48, അഞ്ചാം മണ്ഡലം-40 തുടങ്ങി സ്ഥാനാർഥികൾ ജനവിധി തേടി. പിരിച്ചുവിടപ്പെട്ട സഭയിലെ അംഗങ്ങളും നിരവധി മുൻ എം.പിമാരും മത്സര രംഗത്തുണ്ടായിരുന്നു. നാല് വർഷമാണ് കുവൈത്ത് ദേശീയ അസംബ്ലി കാലാവധി.
എന്നാൽ, സർക്കാറും എം.പിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ, ഭരണഘടന ലംഘനം തുടങ്ങിയ വിഷയങ്ങളാൽ അടുത്തിടെ ഒന്നും ദേശീയ അസംബ്ലി കാലാവധി പൂർത്തീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.