കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് കവർചെയ്യാനും ജനാധിപത്യ പ്രക്രിയ വിലയിരുത്താനുമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 50ഓളം മാധ്യമപ്രവർത്തകർ കുവൈത്തിലെത്തും. തെരഞ്ഞെടുപ്പ് നേരിട്ട് വിലയിരുത്തുന്നതിനായി ഇവർ പോളിങ് സ്റ്റേഷനുകളും ആസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് റിപ്പോർട്ട്ചെയ്യുന്നതിനായി കുവൈത്തിനകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകർക്കായി ഈ മാസം നാലു മുതൽ ഏഴു വരെ ഫോർ സീസൺസ് ഹോട്ടലിൽ മീഡിയ സെന്റർ തുറക്കുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരുക്കങ്ങൾ വെള്ളിയാഴ്ച ഇൻഫർമേഷൻ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. നാസർ മുഹൈസൻ പരിശോധിച്ചു. തെരഞ്ഞെടുപ്പ് വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ മന്ത്രാലയത്തിന്റെ മേഖലകൾ നടത്തിയ മുന്നൊരുക്കങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പര്യടനത്തിനിടെ വിവിധ സ്റ്റുഡിയോകളുടെ പ്രവർത്തന പുരോഗതിയും അദ്ദേഹം പരിശോധിച്ചു. മന്ത്രാലയത്തിലെ വിവിധ ഉദ്യോഗസ്ഥരും ഡോ. നാസറിനൊപ്പമുണ്ടായിരുന്നു.
ഈ മാസം ആറിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ 15 സ്ത്രീകൾ അടക്കം 207 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. സുഗമമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.