കുവൈത്ത് സിറ്റി: ജൂൺ ആറിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണ തീയതി അവസാനിച്ചതോടെ സ്ഥാനാർഥികളും ഉദ്യോഗസ്ഥരും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പോളിങ് ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.
15 സ്ത്രീകൾ ഉൾപ്പെടെ 252 സ്ഥാനാർഥികളാണ് മത്സരത്തിനായി പത്രിക സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 30 വർഷത്തിൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. വോട്ടെടുപ്പ് തീയതിക്ക് ഒരാഴ്ച മുമ്പുവരെ സ്ഥാനാർഥിത്വം ഒഴിവാക്കാനുള്ള അവസരം ഉള്ളതിനാൽ മത്സര രംഗത്തുള്ളവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കാം. ആദ്യ മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ. 36 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്.
രണ്ടാം മണ്ഡലത്തിൽ 54 സ്ഥാനാർഥികൾ പത്രിക നൽകിയിട്ടുണ്ട്. മൂന്നാം മണ്ഡലത്തിൽ 41 സ്ഥാനാർഥികൾ ഉണ്ട്. 65 സ്ഥാനാർഥികൾ മത്സര രംഗത്തുള്ള നാലാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ. അഞ്ചാം മണ്ഡലത്തിൽ 56 പേർ ഭാഗ്യപരീക്ഷണത്തിനിറങ്ങും. പത്രിക നൽകുന്ന ആദ്യ ദിനങ്ങളിൽ മത്സരിക്കാൻ സ്ത്രീകൾ വിമുഖത കാണിച്ചെങ്കിലും തുടർ ദിവസങ്ങളിൽ കൂടുതൽ പേർ എത്തി.
ഇതോടെ മണ്ഡലങ്ങളിലെ വനിത സ്ഥാനാർഥികളുടെ എണ്ണം ഉയർന്നു. അവസാന ദിവസമായ ഞായറാഴ്ച ആറു വനിതകളാണ് പത്രിക നൽകിയത്. അഞ്ചുമണ്ഡലങ്ങളിൽ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കിയതോടെയാണ് രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇതിനിടെ 2020ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിച്ചെങ്കിലും അമീർ പിരിച്ചുവിട്ടു. സുരക്ഷിതമായി തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി ആഭ്യന്തര അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.