കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് മത്സരരംഗത്തുള്ളത് 207 സ്ഥാനാർഥികൾ. ചൊവ്വാഴ്ച നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. പത്രിക നൽകിയ 40 സ്ഥാനാർഥികൾ മത്സരത്തിൽനിന്ന് പിന്മാറിയതായി അധികൃതർ അറിയിച്ചു. 15 സ്ത്രീകൾ ഉൾപ്പെടെ 252 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിരുന്നു. ഏതാനും ചിലർ നേരത്തേ മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് മത്സര രംഗത്തുള്ളവരുടെ എണ്ണം 207ൽ എത്തിയത്. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
വോട്ടിനു പകരം പണവും ഉപഹാരങ്ങളും നൽകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വോട്ട് വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ചാം മണ്ഡലത്തില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാർഥികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഇതില്‍ ഒരാള്‍ മുന്‍ പാര്‍ലമെന്റ് അംഗമാണ്. വോട്ട് കച്ചവടം രാജ്യത്ത് നിയമവിരുദ്ധമാണ്. അനധികൃതമായി വോട്ട് വാങ്ങിയാല്‍ അഞ്ചുവർഷംവരെ തടവും 5000 ദീനാർ വരെ പിഴയും ലഭിക്കും. വോട്ടർമാരെ സ്വാധീനിക്കുന്നത് നിരീക്ഷിക്കാൻ സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ തുരങ്കംവെക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുഗമമായ പോളിങ്ങിന് അനുയോജ്യമായ അന്തരീക്ഷം ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.അഹ്മദ് അൽ ഷാത്തി അറിയിച്ചു. അഞ്ച് നിയോജക മണ്ഡലങ്ങളിലെ എല്ലാ ഇലക്ടറൽ കമ്മിറ്റികളിലും വൈദ്യസഹായം നൽകുന്നതിന് മെഡിക്കൽ ക്ലിനിക്കുകൾ സജ്ജീകരിക്കും. നഴ്സും രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന എമർജൻസി സംഘം, ആംബുലൻസുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. അടിയന്തര സാഹചര്യത്തിൽ എയർ ആംബുലൻസുകളും സജ്ജീകരിക്കും. ആശയവിനിമയത്തിന് ഓപറേറ്റിങ് റൂമും തയാറാക്കും. രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിത സ്ഥാനാർഥികളെ ഉൾപ്പെടുത്തി വിമൻസ് കൾചറൽ ആൻഡ് സോഷ്യൽ സൊസൈറ്റി കോൺഫറൻസ് സംഘടിപ്പിച്ചു. ‘രാഷ്ട്രീയ രംഗം മാറ്റുന്നതിൽ സ്ത്രീകളുടെ പങ്ക്’ എന്ന തലക്കെട്ടിൽ നടന്ന കോൺഫറൻസിൽ സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് പദ്ധതികൾ അവലോകനം ചെയ്യുകയും പ്രധാന കാരണങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
കുവൈത്തിന്റെ മികച്ച ഭാവിക്ക് രാഷ്ട്രീയസ്ഥിരത പ്രധാന ഘടകമാണെന്ന് മൂന്നാം മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയും മുൻ എം.പിയുമായ ജെനൻ ബുഷെഹ്രി പറഞ്ഞു. കഴിഞ്ഞ അസംബ്ലിയിൽ, താനും ആലിയ അൽ ഖാലിദും സ്ത്രീകളുടെയും കുട്ടികളുടെയും പൗരാവകാശങ്ങൾ സംബന്ധിച്ച നിയമം സമർപ്പിക്കുന്നതിൽ വിജയിച്ചതായി അവർ പരാമർശിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ അനവധിയാണ്. വരുന്ന അസംബ്ലിയിൽ അവയെല്ലാം മേശപ്പുറത്ത് ഉണ്ടാകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.